നായയുടെ കടിയേറ്റ് മുറിവോ പോറലോ ഉണ്ടായാല്‍ 15 മിനിറ്റ് തുടര്‍ച്ചയായി സോപ്പുപയോഗിച്ച് കഴുകണം; പേ വിഷബാധ പേടിക്കേണ്ട; അവബോധം ഒരുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്

Update: 2025-05-21 11:21 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്ന സ്റ്റാളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പേ വിഷബാധയ്‌ക്കെതിരെയുള്ള ബോധവത്കരണ രൂപങ്ങള്‍. പേ വിഷബാധ എങ്ങനെ നേരിടാം എന്നതിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

ഒരു നായയുടെ രൂപത്തിനൊപ്പം ഒരു സോപ്പിന്റെ ഘടനയും, മനുഷ്യന്റെ മുറിവേറ്റ കാലും ഒരു ടാപ്പിന്റെ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. നായയുടെ കടിയേറ്റ് മുറിവോ പോറലോ ഉണ്ടായാല്‍ 15 മിനിറ്റ് തുടര്‍ച്ചയായി സോപ്പുപയോഗിച്ച് കഴുകണം എന്ന നിര്‍ദ്ദേശവും രൂപത്തിനൊപ്പം നല്‍കിയിട്ടുണ്ട്. പേ വിഷബാധയ്ക്കുള്ള പ്രതിരോധവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പ്രതിരോധ കുത്തിവയ്പ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. മുറിവേറ്റതിനെ തുടര്‍ന്നുള്ള 3, 7, 28 ദിവസങ്ങളിലാണ് കുത്തിവയ്പ്പ് എടുക്കേണ്ടത്. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മുറിവിന്റെ സ്വഭാവം അനുസരിച്ച് വാക്‌സിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി എടുക്കേണ്ടി വരും.

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഒരുപോലെ മനസ്സിലാകുന്ന രീതിയിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പേ വിഷബാധയെ എങ്ങനെ ശാസ്ത്രീയമായി അഭിമുഖീകരിക്കാം എന്ന അറിവാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് നല്‍കുന്നത്.

Similar News