പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചു തകര്‍ത്ത കേസില്‍ മകന്‍ റിമാന്‍ഡില്‍
പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചു തകര്‍ത്ത കേസില്‍ മകന്‍ റിമാന്‍ഡില്‍
കണ്ണൂര്‍ : കണ്ണൂരില്‍ വയോധികനായ പിതാവിനോട് ക്രൂരത. പയ്യന്നൂരില്‍ കുടുംബസ്വത്ത് ഭാഗിച്ചു കൊടുക്കാന്‍ വിസമ്മതിച്ച വൈരാഗ്യത്താല്‍ വയോധികനായ പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകന്‍ റിമാന്‍ഡിലായി. രാമന്തളി കല്ലേറ്റും കടവിലെ കെ.വി.അനൂപ് (30)നെയാണ് പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പിതാവ് രാമന്തളി കല്ലേറ്റുംകടവിലെ കെ.അമ്പുവിനെ(76)യാണ് സ്വത്ത് ഭാഗം വെക്കുന്നതിന് വിസമ്മതിച്ച വിരോധത്തില്‍ മകന്‍ മരവടികൊണ്ട് ഇടതുകാല്‍മുട്ട് അടിച്ച് തകര്‍ത്തത്. ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെ കല്ലേറ്റുംകടവിലെ വീടിനോട് ചേര്‍ന്ന കടവരാന്തയില്‍ വെച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ വയോധികന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ആശുപത്രിയിലെത്തിയ പൊലിസ് പരിക്കേറ്റ അമ്പുവിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി മകനെതിരെ കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് മദ്യ ലഹരിയിലെത്തിയ കൊച്ചു മകന്റെ മര്‍ദനമേറ്റ് വയോധികയ്ക്കും പരുക്കേറ്റിരുന്നു. കണ്ടങ്കാളിയിലെ കാര്‍ത്യായനി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ് തല ചുമരിലിടിച്ചും കൈകള്‍ പിടിച്ച് ഒടിച്ചുമാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്.
മദ്യലഹരിയിലെത്തിയ കൊച്ചുമകനാണ് ഇവര്‍ക്കെതിരെ അതിക്രമം കാണിച്ചത്. ഹോം നഴ്‌സിന്റെ പരാതിയില്‍ കിടപ്പു രോഗിയെ മര്‍ദ്ദിച്ചതിന് പൊലിസ് കേസെടുത്തുവെങ്കിലും പ്രതി മുങ്ങുകയായിരുന്നു. കണ്ടങ്കാളിയിലെ സോമേശ്വരി ക്ഷേത്രത്തിനടുത്തുള്ള പ്രതിയുടെ വീടും കാറും അജ്ഞാത സംഘം രണ്ടു ദിവസം മുന്‍പ് തകര്‍ത്തിരുന്നു. പ്രതിയെ പിടികൂടാത്ത പൊലിസ് നടപടിയില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.