കിട്ടിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് വിജിലന്‍സ് മധ്യമേഖല എസ് പി; .ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടില്ലെന്നും വിശദീകരണം
കൊച്ചി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലന്‍സ്. തങ്ങള്‍ക്കു കിട്ടിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് വിജിലന്‍സ് മധ്യമേഖല എസ്പി എസ്.ശശിധരന്‍ വ്യക്തമാക്കി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഒന്നാം പ്രതിയായ ഇ.ഡി കൊച്ചി ഓഫിസിലെ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് അട്ടിമറിക്കാനാണ് പരാതിക്കാരനായ കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു ശ്രമിക്കുന്നതെന്നും അതിനാണ് അന്വേഷണത്തിനെതിരെ രംഗത്തു വന്നതെന്നും ഇ.ഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ വിജിലന്‍സിനു അനീഷ് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും അതില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും എസ്പി എസ്.ശശിധരന്‍ പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍, ഇടനിലക്കാരനായ കൊച്ചി സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുകേഷ് ജയിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണെന്നു ശശിധരന്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുയാണെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്തില്‍ നിന്ന് ഒട്ടേറെ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതിന്റെ പരിശോധനയും നടന്നുവരികയാണ്.
അനീഷ് ബാബുവിനു പുറമെ അഞ്ചോളം പേരാണ് ഇ.ഡിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫോണിലൂടെയാണ് ഇവര്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്. ഇതില്‍ ഒരു ജ്വല്ലറി ഉടമയും ഒരു ക്വാറി ബിസിനസുകാരനും ഉള്ളതായി അറിയുന്നു. എന്നാല്‍ ഇവരാരും ഇതുവരെ ഇ.ഡിക്കെതിരെ രേഖാമൂലം വിജിലന്‍സിന് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍, വിവരങ്ങള്‍ കൈമാറിയവരെ നേരിട്ടു ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്താനാണ് വിജിലന്‍സ് ആലോചന.