പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും സുസ്ഥിരവികസനവും കാലഘട്ടത്തിന്റെ ആവശ്യമെന്ന് കൃഷിമന്ത്രി; വെള്ളായണി കാര്‍ഷിക കോളേജിന് പ്ലാറ്റിനം ജൂബിലി
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും അന്താരാഷ്ട്ര കാര്‍ഷിക സെമിനാറും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഗ്രാമങ്ങളൊക്കെയും നഗരവല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷി ഭക്ഷ്യ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വെള്ളായണി കാര്‍ഷിക കോളേജ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, അച്യുതമേനോന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ''സുസ്ഥിര നഗര കൃഷിക്കുള്ള നൂതന നയങ്ങളും സാമൂഹിക സമീപനങ്ങളും' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചത്.
കാര്‍ഷിക കോളേജ് ഫാക്കള്‍ട്ടി ഡീന്‍ ഡോ. റോയ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ലൈഫ് സയന്‍സ് പ്രൊഫസര്‍ ട്രൈന്‍ ഹോഫ് ഈഡെ മുഖ്യ അതിഥിയായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയും നോര്‍വിജിയന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നുകൊണ്ട് നഗര കൃഷിയുമായി ബന്ധപ്പെട്ട പുതിയ കോഴ്‌സുകള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും എന്ന് പ്രൊഫസര്‍ ട്രൈന്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രൊഫ. രാംകുമാര്‍, അച്യുതമേനോന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള, കാര്‍ഷിക സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഷിബു എസ് എല്‍, അക്കാദമിക് കൗണ്‍സില്‍ അംഗം റഫീക്കര്‍ എം, പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള, അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍. ഷണ്മുഖന്‍ പിള്ള, അന്താരാഷ്ട്ര സെമിനാര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജി.എസ്. ശ്രീദയ, എന്നിവര്‍ സംസാരിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്‍ഡസ്ട്രി അക്കാദമിയ മീറ്റ്, ജൂബിലി മീറ്റ്, കാര്‍ഷിക ശാസ്ത്ര പ്രദര്‍ശന വിപണമേള, കാര്‍ഷിക സെമിനാറുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിങ്ങനെ വിവിധ പരിപാടികള്‍ കാര്‍ഷിക കോളേജില്‍ ഉണ്ടായിരിക്കും.