ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്‍പര്യപത്രം ഒപ്പു വച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി മന്ത്രി പി രാജീവ്; 450 ലധികം കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചെന്നും വെളിപ്പെടുത്തല്‍

Update: 2025-05-21 12:19 GMT

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്‍പര്യപത്രം ഒപ്പു വച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,211 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്കാണ് തുടക്കമായത്. 2675 കോടിയുടെ 8 പദ്ധതികള്‍ക്ക് മെയ് മാസം തന്നെ തറക്കല്ലിടും. നിക്ഷേപക സംഗമത്തില്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍ ആണ് ഇവയെല്ലാം.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ഹോസ്പിറ്റല്‍ (300 കോടി), പോസിറ്റീവ് ചിപ്പ് ബോര്‍ഡ്‌സ് (51 കോടി), എം എസ് വുഡ് അലയന്‍സ് പാര്‍ക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. 8 പദ്ധതികള്‍ കൂടി ഈ മാസം തന്നെ നിര്‍മാണം ആരംഭിക്കും. കല്യാണ്‍ സില്‍ക്‌സ്, അത്താച്ചി, സതര്‍ലാന്‍ഡ്, ഗാഷ സ്റ്റീല്‍സ്, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡെല്‍റ്റ അഗ്രഗേറ്റ്‌സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവര്‍ താല്‍പര്യപത്രം ഒപ്പു വച്ച 2,675 കോടി രൂപയുടെ പദ്ധതികള്‍ മെയ് മാസത്തില്‍ തന്നെ ആരംഭിക്കും. ജൂണില്‍ 1,117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്. ലൈഫ് സയന്‍സ് പാര്‍ക്കിലെ 60 ഏക്കറില്‍ ജിനോം സിറ്റി മാതൃകയില്‍ ജെവി വെഞ്ച്വേഴ്‌സ് 3,800 കോടി രൂപ ബയോ മാനുഫാക്ചറിങ് മേഖലയില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. തോന്നക്കല്‍ കിന്‍ഫ്ര പാര്‍ക്ക് ഈ മാസവും യൂണിറ്റി മാള്‍ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഇതിന് പുറമേ ബ്ലൂസ്റ്റാര്‍ റിയാല്‍ട്ടേഴ്‌സ്, അല്‍ഹിന്ദ്, എയര്‍ പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍സ്, എസ് എഫ്. ഒ ടെക്‌നോളജീസ്, കന്യോ ഹെല്‍ത്ത്, അക്കോസ, ബിഎംഎച്ച് കെയര്‍ ഹോസ്പിറ്റല്‍, കൃഷ്ണകല ഹോസ്പിറ്റല്‍, ഫ്യൂച്ചറിസ് ബൊത്തിക് ഹോസ്പിറ്റല്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരും മാസങ്ങളില്‍ തുടങ്ങും. പ്രധാന പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വ്യവസായ മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തും. ഐകെജിഎസില്‍ പ്രഖ്യാപിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂണ്‍ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗംചേരും. നിക്ഷേപ താല്‍പര്യപത്രങ്ങളുടെ തത്സമയ ട്രാക്കിങ്ങിനായി വെബ്‌പോര്‍ട്ടല്‍ രൂപകല്‍പന ചെയ്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്‌കലേഷന്‍ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.

ഇതുവരെ 450 ലധികം കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിര്‍ദ്ദേശങ്ങളിലുള്ളത്. ഐടി- ഐടി അനുബന്ധ മേഖലകളിലായി 29 കമ്പനികള്‍ 9, 300 കോടി രൂപയുടെ നിക്ഷേപ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Similar News