കരുവാരക്കുണ്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; വന്യമൃഗഭീതിയില്‍ നാട്ടുകാര്‍

കരുവാരക്കുണ്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; വന്യമൃഗഭീതിയില്‍ നാട്ടുകാര്‍

Update: 2025-05-22 11:46 GMT

മലപ്പുറം കരുവാരക്കുണ്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ കടുവയെ കണ്ട കേരളാ എസ്റ്റേറ്റില്‍ സൈലന്റ് വാലിയോട് ചേര്‍ന്ന പ്രദേശത്ത് തന്നെയാണ് വീണ്ടും കടുവയെ കണ്ടെത്തിയത്. വന്യമൃഗഭീതിയിലാണ് ഓരോ ദിവസം നാട്ടുകാര്‍ കഴിയുന്നത്. ഡോ.അരുണ്‍ സക്കറിയ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് പരിശോധനക്കായി പോയി.

നാട്ടിലിറങ്ങിയ കാളികാവിലെ നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാന്‍ ആയിട്ടില്ല. കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിന് മേല്‍ഭാഗത്തായി സ്ഥാപിച്ച ക്യാമറയില്‍ രാവിലെ ആറുമണിക്ക് കടുവയുടെ ദൃശ്യം പതിഞ്ഞു. മദാരിക്കുണ്ട്, എസ്റ്റേറ്റ് മേഖലകളില്‍ വനം വകുപ്പ് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. 20 പേര്‍ അടങ്ങുന്ന മൂന്നു സംഘങ്ങളായാണ് തിരച്ചില്‍ നടത്തുന്നത്. കടുവയ്ക്കായി കൂടും സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, വയനാട് പുല്‍പ്പള്ളി കബനിഗിരിയില്‍ വീണ്ടുമിറങ്ങിയ പുലി ആടിനെ കൊന്നു. കബനിഗിരി സ്വദേശി ജോയിയുടെ കൂട്ടില്‍ കെട്ടിയിട്ട ആടുകളെയാണ് പുലി അക്രമിച്ചത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പുലിയെ പിടികൂടാന്‍ അടിയന്തരമായി കൂടി സ്ഥാപിക്കണമെന്നാണ് ആവശ്യം.

മലപ്പുറം മണ്ണാര്‍മലയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. നിരവധി തവണ പുലിയെ കണ്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ രാത്രി പ്രതിഷേധ മാര്‍ച്ച് നടത്തി.

Similar News