പരപ്പനങ്ങാടി കടലില്‍ ഫൈബര്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചു; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
പരപ്പനങ്ങാടി കടലില്‍ ഫൈബര്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചു
മലപ്പുറം: പരപ്പനങ്ങാടി കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഫൈബര്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി നാല് സെന്റില്‍ താമസിക്കുന്ന തലക്കകത്ത് വീട്ടില്‍ ഹംസക്കോയയുടെ മകന്‍ നവാസ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് ഫൈബര്‍ വള്ളവും ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റുബിയാന്‍ ഫൈബര്‍ വള്ളവുമാണ് കൂട്ടിയിടിച്ചത്. മത്സ്യത്തിനായി വലയിടുന്നതിനിടെ നിയന്ത്രണം വിട്ട ഇത്തിഹാദ്, റുബിയാന്‍ വള്ളത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നവാസ് വള്ളത്തില്‍ തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ 3 പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാസിനെ രക്ഷിക്കാനായില്ല.