സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും

16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും

Update: 2025-05-24 02:49 GMT

തിരുവനന്തപുരം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പതിനാറുകാരിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. മാറനല്ലൂര്‍ തൂങ്ങാംപാറ കണ്ടല ലക്ഷം വീട് കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 32ല്‍ താമസിക്കുന്ന ഉന്മേഷ് രാജാണ് (അപ്പൂസ് -26) പ്രതി. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ആണ് ഉന്മേഷിനെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം.

2023 ഒക്ടോബര്‍ 26നായിരുന്നു സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതോടെ സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്നത്തെ കാട്ടാക്കട സബ്ഇന്‍സ്‌പെക്ടര്‍ എസ്.വി. ശ്രീനാഥാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡി.ആര്‍. പ്രമോദ് കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 21സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വിചാരണവേളയില്‍ അഞ്ച് സാക്ഷികള്‍ കൂറുമാറിയിരുന്നു.

Tags:    

Similar News