പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കണം; തോന്നയ്ക്കലിലെ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ്
പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കണം
തിരുവനന്തപുരം: വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. തോന്നയ്ക്കലിലെ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലതരത്തിലുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിനുള്ള സൗകര്യം കൂടി ഉള്ളയിടത്തായിരിക്കണം പാര്‍ക്കുകള്‍ വികസിപ്പേക്കണ്ടത്. തോന്നയ്ക്കലില്‍ 2011ല്‍ ഗ്ലോബല്‍ ആയുര്‍വേദ പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോള്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. അന്നുമുതല്‍ വെറുതേ കിടന്ന സ്ഥലം 2023ലാണ് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകും വിധത്തില്‍ സ്വഭാവം മാറ്റി അനുമതി ലഭ്യമാക്കിയത്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ ഒരിടത്തും വികസിപ്പിച്ച ഭൂമി അനുവദിക്കപ്പെടാതെ അവശേഷിക്കുന്നില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍ കേസുകള്‍ നിലനില്‍ക്കുന്നതാണ് ഭൂമി അനുവദിക്കുന്നതിന് തടസ്സമായിട്ടുള്ളത്. അദാലത്ത് നടത്തി കേസുകള്‍ തീര്‍പ്പാക്കി ആ ഭൂമിയും സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ വ്യവസായ സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലമാണ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം നിര്‍മാണം തുടങ്ങും. സംഗമത്തില്‍ വന്ന വ്യവസായ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ പ്രത്യേകം ടീം തന്നെ സൂക്ഷ്മമായ പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വ്യവസായ അന്തരീക്ഷം മാറുകയും കൂടുതല്‍ സംരംഭങ്ങള്‍ വരികയും ചെയ്യുന്നതോടെ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ ജോലി കണ്ടെത്താനുള്ള അവസരങ്ങളും വര്‍ധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തോന്നയ്ക്കലില്‍ ഭൂമി അനുവദിച്ചു കിട്ടിയ സംരംഭകര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തങ്ങളുടെ യൂണിറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വി.ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു. പാര്‍ക്കില്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള കത്ത് 18 സംരംഭകര്‍ക്കും മന്ത്രി പി.രാജീവ് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഹരിപ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. അജിത് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം വി. അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പൂര്‍ണമായും സംരംഭകര്‍ക്കായി അനുവദിച്ചുകഴിഞ്ഞ പാര്‍ക്കില്‍ ഭക്ഷ്യ സംസ്‌കരണം, പേപ്പര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഹാര്‍ഡ് വെയര്‍, പ്രതിരോധം, എയ്റോസ്പേസ് എന്നീ വിഭാഗങ്ങളില്‍പെട്ട 18 യൂണിറ്റുകളാണ് പ്രവര്‍ത്തനം ആരംഭിക്കുക. 7.48 ഏക്കര്‍ സ്ഥലത്ത് റോഡ്, വൈദ്യുതി, വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ലക്ഷ്യമിട്ടതിനേക്കാള്‍ നേരത്തേ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ക്കിലെ ഭൂമി സംരംഭകര്‍ക്ക് അനുവദിക്കുന്നതിന് കിന്‍ഫ്രയ്ക്ക് സാധ്യമായി. ആറു കോടി രൂപ ചെലവിട്ട് പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറിലായിരുന്നു ആരംഭിച്ചത്. ഇവിടെ ആരംഭിക്കുന്ന സംരംഭങ്ങള്‍ വഴി 50 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 350 പേര്‍ക്ക് തൊഴിലവസരങ്ങളും മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലൂടെ ലഭ്യമാകും.