മോട്ടോര്‍ വാഹനവകുപ്പിലെ സേവനത്തില്‍നിന്ന് സിഡിറ്റ് പിന്‍മാറി; ജോലി നഷ്ടമായത് 246 ജീവനക്കാര്‍ക്ക്
മോട്ടോര്‍ വാഹനവകുപ്പിലെ സേവനത്തില്‍നിന്ന് സിഡിറ്റ് പിന്‍മാറി; ജോലി നഷ്ടമായത് 246 ജീവനക്കാര്‍ക്ക്
കോട്ടയം: മോട്ടോര്‍ വാഹനവകുപ്പിലെ സേവനത്തില്‍നിന്ന് സിഡിറ്റ് പിന്‍മാറിയതോടെ 246 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ഏപ്രില്‍ 30-നാണ് സിഡിറ്റ് ജീവനക്കാരെ പിരിച്ചുവിട്ടത്. മേയ് ഒന്നുമുതല്‍ മോട്ടോര്‍ വാഹനവകുപ്പിലെ സാങ്കേതിക ജോലികളുള്‍പ്പെടെയുള്ള സേവനത്തില്‍നിന്ന് സിഡിറ്റ് പിന്‍മാറുകയും ചെയ്തു. 2010 മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, എ ഫോര്‍ പേപ്പറുകളുടെ വിതരണം, കുടിവെള്ളവിതരണം എന്നിവയെല്ലാം നിര്‍വഹിച്ചിരുന്നത് സിഡിറ്റ് ആയിരുന്നു. 246 ജീവനക്കാരാണ് ആകെയുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം ജോലി നഷ്ടമായി.
സിഡിറ്റ് സേവനം അവസാനിപ്പിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പിലെ ജീവനക്കാര്‍ തന്നെയാണ് ആ ജോലികളും ചെയ്യുന്നത്. പലര്‍ക്കും വേണ്ടത്ര സാങ്കേതിക വൈദഗ്ധ്യമില്ലാത്തതുകാരണം ഓഫീസുകളിലെ ജോലികളും അവതാളത്തിലാവുകയാണ്. സര്‍ക്കാരുമായുള്ള കരാര്‍പ്രകാരം മൂന്നുവര്‍ഷത്തേക്ക് 27 കോടി രൂപയായിരുന്നു വകുപ്പ് സിഡിറ്റിന് നല്‍കിയിരുന്നത്. മൂന്നുമാസം കൂടുമ്പോഴാണ് ബില്ലുകള്‍ പാസാക്കി പണം നല്‍കിയിരുന്നത്. 2021-ല്‍ കരാര്‍ പുതുക്കിയില്ല. പകരം പുതിയ ടെന്‍ഡര്‍ വിളിക്കുന്നതുവരെ സിഡിറ്റിന്റെ സേവനം തുടരാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നാലുവര്‍ഷവും സിഡിറ്റ് സേവനം തുടര്‍ന്നുപോന്നത്. കരാര്‍ പുതുക്കണമെന്ന് കാണിച്ച് സിഡിറ്റ് അധികൃതര്‍ പലതവണ സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുക വര്‍ധിപ്പിക്കണമെന്നും ജിഎസ്ടി നിലവില്‍ വന്നവര്‍ഷം മുതല്‍ ടാക്സ് അടച്ചയിനത്തില്‍ അധികതുക അനുവദിക്കണമെന്നുമായിരുന്നു സിഡിറ്റിന്റെ ആവശ്യം. ഇക്കഴിഞ്ഞ ഏപ്രിലില്‍ മൂന്നുവര്‍ഷത്തേക്കായി 79 കോടിയുടെ പ്രോജക്ടാണ് സിഡിറ്റ് മോട്ടോര്‍ വാഹനവകുപ്പിന് കൊടുത്തത്. ഇത് വകുപ്പ് അംഗീകരിച്ചില്ല.
കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് തീരുമാനം വൈകിയതോടെയാണ് സിഡിറ്റ് പിന്‍മാറിയത്. പിരിച്ചുവിട്ട ജീവനക്കാര്‍ പത്തും അതിലധികം വര്‍ഷമായി കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിലുള്ള സിഡിറ്റ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്.