ദേശീയപാതാ തകര്‍ച്ച: മുഖ്യമന്ത്രിയും റിയാസും ഡല്‍ഹിയിലേക്ക്; നിതിന്‍ ഗഡ്കരിയെ കാണും
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തകര്‍ച്ചാ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡല്‍ഹിയിലേക്ക്. ബുധനാഴ്ച കേന്ദ്ര ഗതാഗതമന്ത്രി നിഥിന് ഗഡ്കരിയെ കാണുന്ന ഇരുവരും കേരളത്തിലെ ദേശീയ പാത നിര്‍മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്തും.
കേരളത്തിലെ ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിഥിന് ഗഡ്കരി നടപടിയെടുത്തിരുന്നു. കോണ്ട്രാക്ടര് സ്വന്തം ചെലവില്‍ പ്രദേശത്ത് പാലം നിര്‍മിക്കണമെന്നും അഥോറിറ്റി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗതവകുപ്പ് ഉത്തരവിറക്കി. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേര്‍ട്ട് കമ്മിറ്റിയും രൂപീകരിച്ചു.
ദേശീയപാത 66ല്‍ നിര്‍മാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സര്‍വീസ് റോഡും ഇടിഞ്ഞുതാണിരുന്നു. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു സംഭവം. സര്‍വീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റര്‍ലോക്ക് കട്ടകള്‍ ഇടിഞ്ഞുവീണ് മൂന്നു കുട്ടികളടക്കം എട്ടു പേര്‍ക്കു പരിക്കേറ്റിരുന്നു.