റീല്‍ വൈറലാക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം; എന്റോള്‍ ചെയ്തതിന് പിന്നാലെ പുലിവാല് പിടിച്ച് യുവ അഭിഭാഷകന്‍

റീലിൽ ജഡ്ജിയുടെ വാഹനം; യുവ അഭിഭാഷകൻ പെട്ടു

Update: 2025-06-05 01:14 GMT

കൊച്ചി: അഭിഭാഷകനായി എന്റോള്‍ ചെയ്തതിന്റെ റീല്‍ ചിത്രീകരണത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യംതന്നെ ഷൂട്ടുചെയ്ത് ഉപയോഗിച്ച യുവ അഭിഭാഷകന്‍ പുലിവാല് പിടിച്ചു. റീല്‍ വൈറലായതിനുപിന്നാലെ അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നുകാട്ടി കേരള ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കി. ചാവക്കാട് സ്വദേശിയായ യുവ അഭിഭാഷകനാണ് പുലിവാല് പിടിച്ചത്.

അഡ്വക്കേറ്റ് ആക്ട് വകുപ്പ് 35 പ്രകാരം നല്‍കിയ നോട്ടീസില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പ്രാക്ടീസ് ചെയ്യുന്നതുപോലും വിലക്കാം. ഞായറാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ഹൈക്കോടതിയില്‍നടന്ന ചടങ്ങില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്. ഇതിനിടയിലാണ് റീലിനായുള്ള ഷൂട്ടും നടത്തിയത്.

ജഡ്ജിയുടെ കാറിന്റെ മുന്‍വശം കാണിച്ചു തുടങ്ങുന്ന വീഡിയോയില്‍ ഹൈക്കോടതി കെട്ടിടവും എന്റോള്‍മെന്റ് ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 സെക്കന്‍ഡ് റീല്‍ ബുധനാഴ്ച വ്യാപകമായി പ്രചരിച്ചു. അഭിഭാഷകന്റെ പ്രവൃത്തി നീതിന്യായസംവിധാനത്തിന്റെ അന്തസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണെന്നുകാട്ടിയാണ് നോട്ടീസ്.

Tags:    

Similar News