കൈകാലുകള്‍ ബന്ധിച്ച് അവര്‍ പുഴയിലേക്ക് എടുത്ത് ചാടി; മഴയില്‍ കുത്തിയൊലിച്ച പെരിയാര്‍ നീന്തിക്കയറിയത് കുട്ടികളടക്കം 23 വനിതകള്‍

കൈകാലുകള്‍ ബന്ധിച്ച് അവര്‍ പുഴയിലേക്ക് എടുത്ത് ചാടി; പെരിയാര്‍ നീന്തിക്കയറിയത് 23 വനിതകള്‍

Update: 2025-06-16 03:05 GMT

ആലുവ: ശക്തമായ ഒഴുക്കിനെ അതിജീവിച്ച് കൈകാലുകള്‍ ബന്ധിച്ച് പെരിയാര്‍ നീന്തിക്കയറിയത് കുട്ടികളടക്കം 23 വനിതകള്‍. അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കൊന്നും ആ പെണ്‍പടയെ ഭയപ്പെടുത്തിയതേയില്ല. ഒഴുക്കിനെതിരെ ്‌വര്‍ പെരിയാര്‍ നീന്തിക്കയറി. എട്ടുവയസ്സുകാരികള്‍ മുതല്‍ 36 വയസ്സുകാരിവരെയുള്ളവരാണ് ഞായറാഴ്ച പെരിയാറില്‍ കൈകാലുകള്‍ ബന്ധിച്ച് നീന്തിയത്. ഞായറാഴ്ച 8.50-ന് ആലുവ മണപ്പുറം കടവില്‍നിന്ന് നീന്തല്‍ തുടങ്ങി. ഒരു കിലോമീറ്ററോളം നീന്തി 9.15-ന് പെരിയാര്‍ കുട്ടിവനം കടവില്‍ നീന്തിക്കയറി.

മുങ്ങിമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പെരിയാറില്‍ സൗജന്യ നീന്തല്‍ പരിശീലനം നടത്തുന്ന സജി വാളശ്ശേരിയുടെ ശിക്ഷണത്തിലാണ് ആ 23 പേരും നീന്തല്‍ പരിശീലിച്ചത്. എട്ടുവയസ്സുകാരികളായ ടി.എന്‍. ഫാത്തിമ സുമയ്യ, ആരാധ്യ സൗരഭ്, ഇന്ദ്രനീല സുരേഷ് (ഒന്‍പത്), തരുണി എം. ബലിഗ, ലയ ഫാത്തിമ (10), ആന്‍ ക്രിസ്റ്റ ടൈറ്റസ്, കെ.എ. അമേയ (11), വരദ രതീഷ, ഫിദ ഫാത്തിമ, ടി.ജെ. ഫാത്തിമ ഷിറില്‍ (12), പി.കെ. ഹിബ ഫാത്തിമ, അക്ഷര സൗരഭ്, ആമിന വഫ (13), സി.എസ്. നെഹാന്‍, ആഗ്നല്‍ മേരി ഡാനി (14), സാന്‍വിക നിതിന്‍ (15), അല്‍മ മേരി ടൈറ്റസ്, ദില്‍ന ഫാത്തിമ (15), പി.എം. കൃഷ്‌ണേന്ദു (16), പി.ബി. നിവേദിത, ഭാവ്ന പ്രവീണ്‍ (17), ഫിദ ഫര്‍ഹത് (19), ശാമിലി സജു (36) എന്നിവരാണ് നീന്തിയത്.

വാളശ്ശേരിയില്‍ റിവര്‍ സ്വിമ്മിങ് ക്ലബ് അംഗങ്ങളും ഉളിയന്നൂര്‍ സ്‌കൂബാ ടീമും മെഡിക്കല്‍ ട്രസ്റ്റ് ആംബുലന്‍സും സുരക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു. പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. പ്രദീഷ് ഫ്‌ളാഗ്ഓഫ് ചെയ്തു.

നീന്തിക്കയറിയവരെ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയാമുരളീധരന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അംബികാസുദര്‍ശന്‍, കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാന്‍, കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌നേഹാ മോഹനന്‍, കാലടി പഞ്ചായത്തംഗം സജീവന്‍, കീഴ്മാട് പഞ്ചായത്തംഗം സതീഷ്, ശ്രീമൂലനഗരം പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ജലീല്‍, ഷാനവാസ്, യഹ്കൂബ്, ഷറഫ്, അധ്യാപകരായ സ്വപ്ന, ദീപ, ഫാഹിം, സിസ്റ്റര്‍ ലൈസ ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Tags:    

Similar News