കണ്ണൂര്‍ നഗരത്തില്‍ അന്‍പതോളം പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായ ചത്ത നിലയില്‍; സ്രവ പരിശോധന നടത്തും; പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണൂര്‍ നഗരത്തില്‍ അന്‍പതോളം പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായ ചത്ത നിലയില്‍

Update: 2025-06-17 18:13 GMT

കണ്ണൂര്‍: കണ്ണൂരില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഒരു മണി വരെ രണ്ടു മണിക്കൂര്‍ കൊണ്ട് അന്‍പതിലേറെ കാല്‍ നടയാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായ ചത്ത നിലയില്‍.

കണ്ണൂര്‍ നഗരഹൃദയത്തിലെ താവക്കര പുതിയ ബസ് സ്റ്റാന്‍ഡ്, പ്രഭാത് ജങ്ഷന്‍, എസ്.ബി.ഐ പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ അടക്കം കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായയാണ് താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചത്ത നിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാവിലെ തന്നെ മറ്റൊരു നായയെയും തെരുവ് നായ കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. നായക്ക് ഭ്രാന്തിളകിയിട്ടുണ്ടെന്ന സംശയത്താല്‍ ജില്ലാ വെറ്റിനറി ആശുപത്രി അധികൃതര്‍ സ്രവ പരിശോധനക്കായി എടുത്തിട്ടുണ്ട്. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വഴി യാത്രക്കാര്‍ക്കാണ് കടിയേറ്റത്. പ്‌ളാസ എസ്.ബി.ഐക്ക് സമീപത്തു നിന്നും നടന്നു പോകുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചു കീറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണം ശക്തമാകുമ്പോഴും ജില്ലാ പഞ്ചായത്ത് - കോര്‍പറേഷന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്‌ളാറ്റ്‌ഫോമില്‍ നിന്നിരുന്ന ഇരുപതോളം പേരെ തെരുവ് നായ കടിച്ചു പരുക്കേല്‍പിച്ചിരുന്നു.

തെരുവ് നായയുടെ ശല്യം ഒഴിവാക്കാന്‍ വന്ധ്യ കരണ പരിപാടിയായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോളിങ് പദ്ധതി നടപ്പിലാക്കുമെന്നും പടിയൂരിലെ എ.ബി.സി കേന്ദ്രത്തിലേക്ക് തെരുവ് നായകളെ പിടികൂടി മാറ്റുമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. കെ. കെ. രത്‌നകുമാരി പറഞ്ഞു. ഇതിനായി കണ്ണൂര്‍ കോര്‍പറേഷന്റെയും മറ്റു വകുപ്പുകളുടെയും സഹായം തേടുമെന്ന് അവര്‍ അറിയിച്ചു. ഇരിക്കൂര്‍ പടിയൂരില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എബിസി കേന്ദ്രം സ്ഥാപിച്ചിരുന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. കണ്ണൂര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും തെരുവ് നായകള്‍ അലഞ്ഞ് തിരിയുന്നത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

Tags:    

Similar News