വിരണ്ടോടിയ പോത്തിന്റെ കയറില്‍ കാല്‍ കുടുങ്ങി; തിരക്കേറിയ റോഡിലൂടെ യുവാവിനെ വലിച്ചിഴച്ച് പോത്ത്: പിന്നാലെ ഓടി രക്ഷപ്പെടുത്തി നാട്ടുകാര്‍

യുവാവിന്റെ കാൽ പോത്തിന്റെ കയറിൽ കുടുങ്ങി; വിരണ്ടോടിയ പോത്ത് റോഡിലൂടെ വലിച്ചിഴച്ചു

Update: 2025-06-23 02:23 GMT

ശാസ്താംകോട്ട: പോത്തിന്റെ കയറില്‍ കാല്‍ കുടുങ്ങിയ യുവാവിനെ പോത്ത് തിരക്കേറിയ റോഡിലൂടെ വലിച്ചിഴച്ചു. റോഡിലൂടെ ഏറെ നേരെ വലിച്ചിഴച്ച യുവാവിനെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ സുനില്‍ (39) ആണ് അപകടത്തില്‍പ്പെട്ടത്. ശാസ്താംകോട്ട ചവറ പ്രധാന പാതയില്‍ കാരാളിമുക്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

സഹായിക്കൊപ്പം കാരാളിമുക്കിനു സമീപത്തെ വീട്ടില്‍ പശുവിനെ വാങ്ങാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ സുനില്‍ പ്രത്യേക ശബ്ദമുണ്ടാക്കി വിളിച്ചു. ശബ്ദം കേട്ട് വിരണ്ട പോത്ത് കുറ്റിയില്‍ നിന്നും കയര്‍ വേര്‍പെട്ട് ഓടിയെത്തുകയും പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി. മറിഞ്ഞു വീണ സുനിലുമായി തിരക്കേറിയ പ്രധാന പാതയിലേക്ക് പോത്ത് ഓടിക്കയറി. ഇതിനിടെ എതിരെ വന്ന കാറില്‍ തട്ടി സുനില്‍ തെറിച്ചു വീണെങ്കിലും ഇരുദിശകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കിടയിലൂടെ യുവാവിനെ വലിച്ചിഴച്ച് പോത്ത് ജംക്ഷനിലേക്ക് പാഞ്ഞു.

സംഭവം കണ്ട നാട്ടുകാരും പിന്നാലെ ഓടി. ഒടുവില്‍ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ പിടികൂടി ഇയാളെ രക്ഷപ്പെടുത്തിയത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നും യുവാവ് പ്രകോപിപ്പിച്ചതാണ് പോത്ത് വിരണ്ടോടാന്‍ കാരണമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ശരീരം റോഡിലുരഞ്ഞ് സാരമായി പരുക്കേറ്റ സുനിലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News