കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍
പാലക്കാട്: വാണിയംകുളത്ത് തണ്ടപ്പേര് സര്‍ട്ടിഫിക്കറ്റിന് വന്ന അപേക്ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങി വിജിലന്‍സ് പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. പാലക്കാട് വാണിയംകുളം ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഫസലിനാണ് സസ്‌പെന്‍ഷന്‍. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അടിസ്ഥാനത്തിലാണ് നടപടി.
കോതകുറിശ്ശി സ്വദേശിയില്‍ നിന്ന് തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിന് 1000 രൂപ ആവശ്യപ്പെടുകയായിരുന്നു. ജൂണ്‍ 9 നാണ് ഇവര്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. 500 രൂപ സ്ഥലം നോക്കാന്‍ വന്ന സമയത്ത് ചോദിച്ചു വാങ്ങി. ബാക്കി 500 രൂപ വില്ലേജ് ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടുള്ള സ്‌കൂട്ടിയുടെ ഡിക്കിയില്‍ വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇവര്‍ വിജിലന്‍സിന് പരാതി നല്‍കി. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .