പുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവെന്ന് രമേശ് ചെന്നിത്തല
പുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന
കണ്ണൂര്‍: സംസ്ഥാനത്തെ പുതിയ ഡിജിപിയുടെ നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള കടുത്ത വഞ്ചനയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് സിപിഎം അന്ന് ആരുടെ പേരിനാണോ സമരം ചെയ്തത്, ആരെയാണോ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചത്, അതേ ഉദ്യോഗസ്ഥനെ ഇന്ന് ഡിജിപിയായി നിയമിക്കുന്നത് രക്തസാക്ഷികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്ത് അഞ്ച് യുവാക്കളുടെ ജീവന്‍ ബലി നല്‍കിയവര്‍, ഇന്ന് അതേ സ്വാശ്രയ നയങ്ങള്‍ സ്വീകരിക്കുകയും സ്വന്തമായി കോളേജുകള്‍ നടത്തുകയും ചെയ്യുന്നു. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണ്.
ഈ വിഷയത്തില്‍ പി. ജയരാജന്‍ സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ നയമാണ്. ഒരേസമയം സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയും എന്നാല്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് വ്യക്തതയില്ലാത്ത സമീപനമാണ്. കൂത്തുപറമ്പ് സമരം ഒരു തെറ്റായിരുന്നു എന്ന് പരസ്യമായി സമ്മതിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറാകണം. അമിത് ഷായുമായി ഏറ്റവും അടുപ്പമുള്ള, കേന്ദ്രത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച ഒരു ഉദ്യോഗസ്ഥനെ ഡിജിപിയായി നിയമിക്കുന്നത് പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്. ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായല്ലോ.
വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. യാതൊരു വ്യക്തതയുമില്ലാതെ പദ്ധതികള്‍ നീട്ടിക്കൊണ്ടുപോവുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വീട് നിര്‍മ്മിക്കാന്‍ പണം സമാഹരിച്ച് തയ്യാറായിട്ടും സര്‍ക്കാര്‍ ഭൂമി അനുവദിക്കാത്തതിനാല്‍ പദ്ധതികള്‍ വൈകുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഭൂമി ലഭ്യമാക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും വേണം. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഒരു പരാതിയും നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.