മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു; തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു; തമിഴ്നാട്ടില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു; തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു
നിലമ്പൂര്‍: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കരിങ്കല്‍ ക്വാറിയിലെ ജലാശയത്തില്‍ കാണാതായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂളപ്പാടം സ്വദേശിയും വിദ്യാര്‍ഥിയുമായ കെ.പി. മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹം കണ്ടെത്തി. പൂളപ്പാടം പത്താര്‍ കരിപ്പറമ്പന്‍ വീട്ടില്‍ അഷ്റഫിന്റെയും നുസ്റത്തിന്റെയും മകനാണ് കെ.പി. മുഹമ്മദ് അഷ്മില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചെന്നൈയിലെ നോര്‍ക്കയുടെ എന്‍ആര്‍കെ ഡെവലപ്മെന്റ് ഓഫീസര്‍ അനു ചാക്കോ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം തേടിയതിനെ തുടര്‍ന്നു ചെന്നൈയില്‍ നിന്നെത്തിയ സ്‌കൂബാ ടീം നടത്തിയ ഊര്‍ജിത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുന്നൂറ് അടിയിലേറെ താഴ്ചയുള്ളതാണ് അപകടം നടന്ന കുളം. മുഹമ്മദ് അഷ്മില്‍ ഉള്‍പ്പെടെ 10 അംഗ സംഘമാണ് കുളിക്കാനിറങ്ങിയത്.
കോഴിക്കോട് ആക്സിയോണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡിപ്ലോമ വിദ്യാര്‍ഥികളായ മുഹമ്മദ് അഷ്മില്‍ ഉള്‍പ്പെടെയുള്ളവര്‍
വരണവാസിയിലെ റാനേ മദ്രാസ് ലിമിറ്റഡില്‍ പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചില്‍ അപര്യാപ്തമാണെന്ന് മുഹമ്മദ് അഷ്മിലിന്റെ സുഹൃത്തുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇവര്‍ ചെന്നൈയിലെ നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് ഈ വിവരം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി. ഇതേ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍ആര്‍ കെ ഡവലപ്മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.