തിരുവനന്തപുരം പോത്തന്‍കോട് തെരുവുനായയുടെ ആക്രമണം; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു

Update: 2025-07-03 10:44 GMT

തിരുവനന്തപുരം: പോത്തന്‍കോട് തെരുവുനായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പെടെ ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. നായയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് നായ അക്രമാസക്തനായി ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പോത്തന്‍കോട് ജംഗ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെ വഴിനീളെ നായ ആക്രമണം തുടര്‍ന്നു.

വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റിട്ടുള്ളത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. നായയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Similar News