'സിസ്റ്റമിക് ഫെയിലിയര്‍' ആണെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു: സിസ്റ്റം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നത്? ആരോഗ്യ, വൈദ്യുതി മേഖലകളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം; വീണാ ജോര്‍ജ് രാജി വയ്ക്കണമെന്ന് ചെന്നിത്തല
വീണാ ജോര്‍ജ് രാജി വയ്ക്കണമെന്ന് ചെന്നിത്തല
പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യ, വൈദ്യുതി മേഖലകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടമായത് സര്‍ക്കാരിന്റെ ദയനീയ പരാജയത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഈ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടനടി രാജിവെക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് മൃതപ്രായമായി മാറിയിരിക്കുന്നു. കോട്ടയത്തെ സംഭവം 'സിസ്റ്റമിക് ഫെയിലിയര്‍' ആണെന്ന് മന്ത്രി തന്നെ സമ്മതിക്കുമ്പോള്‍, ആ സിസ്റ്റം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നത്? ഒരു ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് അവിടെ ഒരു മനുഷ്യ ജീവനുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞത്. ഭര്‍ത്താവിന് തന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കേണ്ടി വന്നു ഒരു തിരച്ചില്‍ ആരംഭിക്കാന്‍. ഇത് സര്‍ക്കാരിന്റെ അനാസ്ഥയുടെ ആഴം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണ്: പല ആശുപത്രികളിലും മരുന്നില്ല. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ നരകയാതന അനുഭവിക്കുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേതുപോലുള്ള അപകടങ്ങള്‍ സംസ്ഥാനത്തുടനീളം പതിവായിരിക്കുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ കുടുങ്ങുന്ന രോഗികള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ പദ്ധതികളെല്ലാം അട്ടിമറിച്ച് പാവപ്പെട്ട രോഗികളെ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിടുകയാണ്.
വൈദ്യുതി മേഖലയിലെ അഴിമതിയും കൊള്ളയും
മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ മറവില്‍ സ്വകാര്യ കമ്പനിക്ക് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നിയമവിരുദ്ധമായി അനുമതി നല്‍കുന്നത് വന്‍ കൊള്ളയാണ്. 50 വര്‍ഷത്തെ കരാര്‍ കാലഹരണപ്പെട്ടിട്ടും ഒരു പുതിയ കരാറുമില്ലാതെ കാര്‍ബോറാണ്ടം ലിമിറ്റഡ് എന്ന കമ്പനി വൈദ്യുതി ഉത്പാദിപ്പിച്ച് കോടികള്‍ കൊയ്യുമ്പോള്‍ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നത് അഴിമതിയുടെ വ്യക്തമായ സൂചനയാണ്. സാധാരണക്കാരന്റെ സോളാര്‍ പാനലില്‍ കണ്ണുവെക്കുന്ന സര്‍ക്കാര്‍, കോര്‍പ്പറേറ്റുകളുടെ കൊള്ളയ്ക്ക് സൗകര്യമൊരുക്കുകയാണ്. ഈ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഖദര്‍ വിവാദം
ഖദര്‍ ധരിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യവും ഗാന്ധിയന്‍ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയുമാണ്. അത് ആരെയും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല, എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഖദര്‍ ഒരു വികാരവും തിരിച്ചറിയലുമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഖാദി പ്രസ്ഥാനത്തെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി പന്തളം സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് അഡ്വ വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.