ആരോ?ഗ്യമന്ത്രി വിളിച്ച് ചേര്‍ത്തുനിര്‍ത്തുമെന്ന് പറഞ്ഞു; ആ വാക്കില്‍ പ്രതീക്ഷയുണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്
തലയോലപ്പറമ്പ്: കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കില്‍ പ്രതീക്ഷയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ചിരുന്നു. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും ഉറപ്പ് നല്‍കി. ആ വാക്കില്‍ പ്രതീക്ഷയുണ്ടെന്ന് വിശ്രുതന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടുംബത്തിന്റെ ആവശ്യങ്ങള്‍ കൂട്ടായി തീരുമാനിച്ചിട്ട് മന്ത്രിയെ അറിയിക്കും, സഹായം നല്‍കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ ദുരിതം തിരിച്ചറിയുമെന്നാണ് കരുതുന്നത്. കുറ്റമൊന്നും പറയാനില്ല, ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. - വിശ്രുതന്‍ പറഞ്ഞു.
വ്യാഴം രാവിലെയാണ് മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് മേപ്പോത്തുകുന്നേല്‍ ഡി ബിന്ദു(52) മരിച്ചത്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിക്ക് കൂട്ടിരിക്കാനെത്തിയകതായിരുന്നു ബിന്ദു. പഴയ ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടമെന്ന് കരുതുന്നു. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു.