യാത്രക്കാരെ വലച്ച് സ്വകാര്യബസ് സമരം; കൊച്ചി മെട്രോയില്‍ 'ഇടിച്ചുകയറി' യാത്രക്കാര്‍; രാവിലെ മാത്രം 2500ഓളം അധിക യാത്രക്കാര്‍

യാത്രക്കാരെ വലച്ച് സ്വകാര്യബസ് സമരം

Update: 2025-07-08 07:24 GMT

തിരുവനന്തപുരം: യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര്യബസ് സമരം. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായ അവസ്ഥയിലാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ അധിക സര്‍വീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്.

ബസുകള്‍ പണിമുടക്കിയതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ ഇടിച്ചുകയറി. ചൊവ്വാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് കൊച്ചി മെട്രോയില്‍ അനുഭവപ്പെടുന്നത്. രാവിലെ 9 വരെ 2500ഓളം പേരാണ് മെട്രോയില്‍ അധികമായി യാത്ര ചെയ്തത്. അവധി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെപ്പേരാണ് കൊച്ചി മെട്രോയില്‍ ശരാശരി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ 15,438 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് എങ്കില്‍ ഇന്നു രാവിലെ ഒമ്പത് വരെ 17,807 പേര്‍ യാത്ര ചെയ്തു. രാവിലെ 10 മണി വരെയുള്ള സമയത്താണ് അധിക തിരക്ക് അനുഭവപ്പെട്ടത്.

വൈറ്റില, എറണാകുളം സൗത്ത്, ഇടപ്പള്ളി മേഖലകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. അധിക സര്‍വീസ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും വേണ്ടി വന്നില്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി. രാവിലെ മുതല്‍ മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ നീണ്ട നിരയാണ് ടിക്കറ്റ് എടുക്കുന്നതിനും അകത്ത് പ്രവേശിക്കുന്നതിനും അനുഭവപ്പെട്ടത്. നിലവില്‍ തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. അങ്കമാലി വരെ മൂന്നാം ഘട്ട വികസനത്തിനുള്ള ആലോചനകളും നടക്കുന്നുണ്ട്.

സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

അതേസമയം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. ഇതില്‍ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബര്‍ കോഡ് നിലവില്‍ വന്നാല്‍ ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ തൊഴില്‍ മേഖലയില്‍ കുറയും. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, എ ഐ യു ടി യു സി, ടി യു സി സി, എസ് ഇ ഡബ്യു എ, എ ഐ സി സി ടി യു, എല്‍ പി എഫ്, യു ടി യു സി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ - വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് തപാല്‍ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ ഭാഗമാകും. പാല്‍ ആശുപത്രി അടക്കമുള്ള അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കേന്ദ്ര നയങ്ങള്‍ക്കെതിരായ ദേശീയ പണിമുടക്കില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതില്‍ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Similar News