വനവാസികളായ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ വലകളും ലൈഫ് ജാക്കറ്റുകളും എത്തിച്ച് മമ്മൂട്ടി; സാമൂഹിക സേവനത്തിന് മമ്മൂട്ടി ഉത്തമമാതൃക എന്ന് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍

സാമൂഹിക സേവനത്തിന് മമ്മൂട്ടി ഉത്തമമാതൃക എന്ന് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍

Update: 2025-07-08 12:15 GMT

ഇടുക്കി : വനവാസികള്‍ക്കായി നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ മീന്‍ വലകളും ലൈഫ് ജാക്കറ്റ്കളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് ഇടുക്കിയില്‍ തുടക്കം. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക ആദ്യ ഘട്ടത്തില്‍ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പന്‍ ആദിവാസി ഉന്നതിയിലെ നിവാസികള്‍ക്ക് സൗജന്യമായി മീന്‍ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപാറ ഫോറസ്റ്റ് ഐ ബി പരിസരത്തുവച്ചാണ് സൗജന്യ മീന്‍ വലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.

കെയര്‍ ആന്‍ഡ് ഷെയറിന്റെ സൗജന്യ മീന്‍ വലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. കേരളത്തിന്റെ അങ്ങോളമിങ്ങോളം അനേകായിരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നത്. ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന കേരള സമൂഹത്തെ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് സാധിക്കുന്നുണ്ട്.

പൂര്‍വികം പദ്ധതിയിലൂടെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ അതിനുപുറമേ ഒരു പുതിയ സംരംഭത്തിലേക്ക് കൂടി കടന്നുവന്ന് മീന്‍ വലകളും ലൈഫ്ജാക്കറ്റുകളും ആദിവാസി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നു. പൂര്‍വികം പദ്ധതിക്ക് പുറമേ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ഹൃദയവാല്‍വ് ശസ്ത്രക്രിയ, വാത്സല്യം പദ്ധതിയിലൂടെ കുട്ടികളുടെ റോബോട്ടിക് സര്‍ജറി, സുകൃതം പദ്ധതിയിലൂടെ സൗജന്യ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, ഹൃദയസ്പര്‍ശത്തിലൂടെ കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ, അംഗപരിമിതര്‍ക്കുള്ള വീല്‍ചെയര്‍ദാനം, വഴികാട്ടിയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടത്തിവരുന്നതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചത്. അത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു. പലര്‍ക്കും ചെയ്യുവാന്‍ അസാധ്യമായ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിവര്‍ത്തിക്കുവാന്‍ സാധിക്കുന്നത് കെയര്‍ ആന്‍ഡ് ഷെയര്‍ പ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവത്തിന്റെ ഫലമായിട്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതുപോലെ മാതൃകാപരമായ കാരുണ്യപ്രവര്‍ത്തികള്‍ വരും വര്‍ഷങ്ങളിലും നിറവേറ്റുവാനാവശ്യമായ ഈശ്വരാനുഗ്രഹം ലഭിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായും ബിഷപ്പ് പറഞ്ഞു.



ഇടുക്കി ഫ്‌ലയിങ് സ്‌ക്വാഡ് ഡി എഫ് ഓ  വിനോദ് കുമാര്‍ എം ജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയചന്ദ്രന്‍ ജി, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ് പി കെ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി റ്റി ഔസേപ്പ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദ് കുമാര്‍ ബി, ഫിഷര്‍മാന്‍ സബ്ഗ്രൂപ്പ് ചെയര്‍മാന്‍ രഘു സി, ഇസാഫ് ഗ്രൂപ്പ് പി ര്‍ ഓ  ജലാലുദിന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കൊലുമ്പന്‍ ആദിവാസി ഉന്നതിയിലെ മത്സ്യത്തൊഴിലാളികള്‍ ബിഷപ്പില്‍ നിന്നും വലകളും ലൈഫ് ജാക്കറ്റുകളും ഏറ്റുവാങ്ങി.

Tags:    

Similar News