ബോട്ടിങ്ങിനായി കാത്തുനില്‍ക്കുന്നതിനിടെ അമ്മയുടെ കൈവിട്ട് മുന്നോട്ട് ഓടി; പൂക്കോട് തടാകത്തില്‍വീണ കുഞ്ഞിന് രക്ഷകനായത് ജീവനക്കാരന്‍

പൂക്കോട് തടാകത്തില്‍വീണ കുഞ്ഞിന് രക്ഷകനായത് ജീവനക്കാരന്‍

Update: 2025-07-09 10:50 GMT

കല്‍പറ്റ: വയനാട് പൂക്കോട് തടാകത്തില്‍ വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ജീവനക്കാരന്‍. തടകത്തില്‍ ബോട്ടിങ്ങിനായി കാത്തുനില്‍ക്കുന്നതിനിടെ അമ്മയുടെ കൈവിട്ട് മുന്നോട്ട് ഓടിയ കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ജീവനക്കാരന്‍ സഫീര്‍ മുന്‍പിന്‍ നോക്കാതെ തടാകത്തിലേക്ക് ചാടി കുട്ടിയെ പുറത്തെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തടാകത്തില്‍ ബോട്ടിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുട്ടിയുടെ അമ്മ കൈവീശി കാണിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ കൈയില്‍ അമ്മ പിടിച്ചുനില്‍ക്കുന്നതും കുട്ടി പിടിവിടുവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

പെട്ടെന്ന് പിടിവിട്ട് കുട്ടി മുന്നോട്ടോടി വെള്ളത്തിലേക്ക് വീണു. ഉടനെ തന്നെ സഫീര്‍ വെള്ളത്തിലേക്ക് ചാടുകയും കുട്ടിയെ ഉയര്‍ത്തിയെടുക്കുകയും ചെയ്യുന്നത് കാണാം. ആ നേരത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവ് കരയില്‍ നിന്ന് കുട്ടിയെ ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

താന്‍ രക്ഷപെടുത്തിയ കുട്ടിയുടെ കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് സഫീര്‍ പ്രതികരിച്ചു. കോഴിക്കോട് നിന്നെത്തിയ സന്ദര്‍ശകരാണെന്നാണ് കരുതുന്നതെന്നും സഫീര്‍ പറഞ്ഞു. തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ആരായാലും അന്നേരം അത്തരത്തിലാണ് ചെയ്യുകയെന്നും സഫീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    

Similar News