പുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍; കീം പ്രവേശനം ഇനിയും നീളുമോ?

Update: 2025-07-13 14:05 GMT

ന്യൂഡല്‍ഹി: പുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഓണ്‍ലൈനായാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പുതുക്കിയ പട്ടിക കേരള സിലബസ് വിദ്യാര്‍ഥികളോടുള്ള നീതി നിഷേധം ആണെന്നാണ് ആരോപണം. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ഥികള്‍ക്കായി ഹാജരായേക്കുമെന്നാണ് വിവരം. പ്രോസ്‌പെക്ട്‌സ് തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

15 വിദ്യാര്‍ഥികളാണ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ കക്ഷി ചേര്‍ന്നേക്കുമെന്നാണ് വിവരം. പുതിയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍നിന്നാണ്. പഴയ റാങ്കില്‍ ആദ്യ 100ല്‍ 43 പേര്‍ കേരള സിലബസില്‍നിന്നുള്ളവരായിരുന്നു.

ആദ്യ 100 പേരുടെ പട്ടികയില്‍ 79 പേര്‍ സിബിഎസ്ഇ സിലബസില്‍നിന്ന് ഇടംപിടിച്ചു. ആദ്യ 5000 റാങ്കില്‍ കേരള സിലബസില്‍നിന്ന് 1796 പേരും സിബിഎസ്ഇയില്‍നിന്ന് 2960 പേരും ഐസിഎസ്ഇയില്‍നിന്ന് 201 പേരുമാണ് ഇടംപിടിച്ചത്. 86549 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 76230 പേര്‍ യോഗ്യത നേടി. 67505 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്. കേരള സിലബസില്‍നിന്ന് 47175 പേരും സിബിഎസ്ഇയില്‍നിന്ന് 18284 പേരും ഐസിഎസ്ഇയില്‍നിന്ന് 1415 പേരുമാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

Tags:    

Similar News