ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മര്‍ദിച്ച കേസില്‍ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റില്‍; ഭര്‍തൃവീട്ടിലെത്തിച്ച് തെളിവെടുത്തു

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മര്‍ദിച്ച കേസില്‍ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റില്‍

Update: 2025-07-14 15:43 GMT

മലപ്പുറം: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മര്‍ദിച്ച കേസില്‍ രണ്ടാനമ്മയായ അധ്യാപിക പെരിന്തല്‍മണ്ണ പൊലീസില്‍ കീഴടങ്ങി. കീഴടങ്ങിയ നിലമ്പൂര്‍ വടപുറം സ്വദേശിനി ഉമൈറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് എരവിമംഗലത്തെ ഭര്‍തൃവീട്ടിലെത്തിച്ച് തെളിവെടുത്തു. കുട്ടിയുടെ മാതാവ് മരിച്ച ശേഷമാണ് പിതാവ് യുവതിയെ വിവാഹം കഴിച്ചത്.

ജൂലൈ രണ്ടിന് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരിന്തല്‍മണ്ണ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി നിര്‍ദേശത്തെതുടര്‍ന്ന് കുട്ടി ഇടയ്ക്ക് മാതാവിന്റെ വീട്ടിലും താമസിച്ചിരുന്നു. ജൂണ്‍ ആദ്യമാണ് കുട്ടി മര്‍ദനത്തിനിരയായതായി കണ്ടത്.

കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ രണ്ടാനമ്മ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വേറെ വീട്ടില്‍ വെച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നെങ്കിലും ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഡിസബിലിറ്റി ആക്ട്, ഭാരതീയ ന്യായസംഹിത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി വിവിധ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ്. കുട്ടിയുടെ മാതാവ് മരിച്ചതോടെ ആ ഒഴിവിലാണ്, രണ്ടാനമ്മ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.

Similar News