മുറ്റത്ത് കിടന്ന ഭക്ഷണം കണ്ട് ഓടിയെത്തി; ഇരുമ്പ് ഗേറ്റിൽ കുഞ്ഞന്റെ തല കുടുങ്ങി; ഒടുവിൽ വേദന കൊണ്ട് പുളഞ്ഞ പൂച്ച കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന
മലപ്പുറം: കോട്ടപ്പടി ചീനിത്തോട് കൊന്നോല അബുല്ലയുടെ വീട്ടിലെ ഇരുമ്പ് ഗേറ്റിനുള്ളിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിയെ മലപ്പുറത്തെ അഗ്നിരക്ഷാസേന വിജയകരമായി രക്ഷപ്പെടുത്തി. മുറ്റത്തെ ഭക്ഷണം കണ്ട് അടച്ച ഗേറ്റിന്റെ കമ്പികൾക്കിടയിലൂടെ അകത്തു കടക്കാൻ ശ്രമിച്ചതാണ് പൂച്ചക്ക് വിനയായത്.
കമ്പികൾക്കിടയിലൂടെ പുറത്തുകടക്കാൻ പൂച്ച കിണഞ്ഞു ശ്രമിച്ചെങ്കിലും തല പുറത്തെടുക്കാൻ കഴിയാതെ ഗേറ്റിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ നേരം പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ.എം. അബ്ദുൾ റഫീഖിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിൻ, കെ.സി. മുഹമ്മദ് ഫാരിസ്, വി. വിപിൻ, അർജുൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി.
സേനയുടെ ഹൈഡ്രോളിക് ഉപകരണങ്ങൾ കണ്ട് ആദ്യം അല്പം ഭയന്ന പൂച്ച, പിന്നീട് രക്ഷാപ്രവർത്തനം ആരംഭിച്ചതോടെ ശാന്തനായി. ഹൈഡ്രോളിക് ബ്രൂഡർ ഉപയോഗിച്ച് കമ്പികൾ അകറ്റി മാറ്റിയാണ് പൂച്ചക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ട പൂച്ച കുട്ടിയുടെ ഓട്ടമാണ് പിന്നീട് കണ്ടത്.