ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം; പോയത് പോയതുതന്നെ; ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം നികത്താന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും പോയത് പോയതുതന്നെയെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസ് ബിക്ക് ഹര്‍ത്താലുപോലുള്ള ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നല്ല കളക്ഷനുണ്ടായിരുന്നു. കളക്ഷന്‍ എട്ട് കോടിക്ക് മുകളില്‍ വന്നു. നഷ്ടം വെറും പതിനെട്ടുലക്ഷമായി കുറയുകയും ചെയ്തു. രണ്ടരക്കോടിയില്‍ നിന്നാണ് ഇത് താഴേക്കുവന്നത്. എട്ടുകോടി നാല്‍പ്പത് ലക്ഷം രൂപ ഒരു ദിവസം കെഎസ്ആര്‍ടിസിക്ക് കളക്ഷന്‍ കിട്ടിയാല്‍ , പഴയ ലോണുകളുടെ ബാങ്ക് അടക്കുന്ന കണ്‍സോര്‍ഷ്യം ഒരു കോടി പത്തൊന്‍പത് ലക്ഷം രൂപ പോയാലും എല്ലാ ദിവസവും കെഎസ്ആര്‍ടിസി ലാഭത്തില്‍പോകും. എല്ലാ ദിവസവും എട്ടുകോടി നാല്‍പ്പത് ലക്ഷം രൂപ കിട്ടണം. സമരത്തിന്റെ അന്ന് കെഎസ്ആര്‍ടിസിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി ബസ് ഓടിക്കുമെന്ന് പറഞ്ഞതിലും മന്ത്രി നിലപാട് വിശദീകരിച്ചു. ഭരണഘടനാപരമായി അധികാരമേറ്റെടുത്ത സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ക്ക് കെഎസ്ആര്‍ടിസി ബസ് ഓടിക്കാന്‍ പറ്റില്ലെന്ന് പറയാനാവില്ല. ഞാനൊരു മന്ത്രിയെന്ന നിലയിലാണ് അന്ന് അത് പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ബസ് ഓടിക്കാന്‍ തന്നെ ശ്രമിക്കണം. നാളെ ആരെങ്കിലും കേസിന് പോയി കോടതി ചോദിക്കുകയാണ് എന്തുകൊണ്ടാണ് ബസ് ഓടിക്കാത്തതെന്ന്. നമ്മള്‍ മാനേജ്മെന്റ് പരിശ്രമിച്ചു. കഴിഞ്ഞില്ല. തൊഴിലാളി വന്നില്ലെങ്കില്‍ എങ്ങനെ ഓടിക്കാനാണ്. തൊഴിലാളികള്‍ വന്നില്ല. അത് അവരുടെ കുറ്റമല്ല. അവര്‍ സമരത്തില്‍ പങ്കെടുത്തതാണ്. - ഗണേഷ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയപരമായി വഴിതടഞ്ഞുള്ള സമരങ്ങളോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ.ബി. ഗണേഷ് കുമാര്‍ ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസിന് ഹര്‍ത്താലുപോലുള്ള ആളുകളെ തടഞ്ഞും വഴിതടഞ്ഞും ആളുകളെബലംപ്രയോഗിച്ചുമുള്ള സമരത്തോട് യോജിപ്പില്ല.ഞാന്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയാണ്. എല്‍ഡിഎഫിന്റെ നിലപാടെന്തുമാവാം. പക്ഷേ എന്റെ പാര്‍ട്ടിയുടെ നിലപാടുണ്ട്. എല്‍ഡിഎഫിലുള്ള ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലപാടുണ്ട്.
ഞങ്ങളെടുത്തിരിക്കുന്ന നിലപാട് ഹര്‍ത്താലുകളും ബന്ദുകളും പ്രോത്സാഹിപ്പിക്കുന്നതല്ല. ഇത് ആര്‍ക്കും മറുപടിയല്ല. മനുഷ്യനെ വഴിതടഞ്ഞും ബലംപ്രയോഗിച്ചും യാത്രതടസ്സപ്പെടുത്തിയും വ്യാപാരികളുടെ കടയടച്ചുമുള്ള സമരത്തോട് കേരള കോണ്‍ഗ്രസ് ബിക്ക് യോജിപ്പില്ല. - ഗണേഷ് കുമാര്‍ വ്യക്തമാക്കി.