ഫോസ്ഫോറിക് ആസിഡ് കിട്ടാനില്ല; ഫാക്ടം ഫോസിന്റെ ഉത്പാദനം കുറച്ചു

ഫോസ്ഫോറിക് ആസിഡ് കിട്ടാനില്ല; ഫാക്ടം ഫോസിന്റെ ഉത്പാദനം കുറച്ചു

Update: 2025-07-23 03:03 GMT

കൊച്ചി: അസംസ്‌കൃത വസ്തുവായ ഫോസ്ഫോറിക് ആസിഡ് കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് ഫാക്ടോഫോസിന്റെ ഉത്പാദനം കുറച്ച് ഫാക്ട്. ഉത്പാദനം കുറച്ചതിന് പിന്നാലെ വില കൂട്ടുകയും ചെയ്തു. ഫാക്ടം ഫോസിന്റെ 50 കിലോ ചാക്കിന് 1300 രൂപയായിരുന്നത് 1425 രൂപയാക്കി. പ്രതിദിനം 450 - 510 ടണ്‍ ഉത്പാദനം ഉണ്ടായിരുന്ന ഫാക്ടിലെ ഒരു ഫാക്ടംഫോസ് പ്ലാന്റ് അടച്ചു. മറ്റൊരു പ്ലാന്റില്‍ പ്രതിദിനം 150-210 ടണ്‍ ഉത്പാദനം നടത്തിയിരുന്നത് ഇപ്പോള്‍ 150-170 ടണ്‍ മാത്രമാണ്. ഫാക്ടംഫോസിന് ഏറ്റവും ഡിമാന്‍ഡുള്ള സമയത്താണ് ഉത്പാദനം കുറച്ചത്.

അമ്പലമുകളിലെ കൊച്ചിന്‍ ഡിവിഷനില്‍ രണ്ട് പ്ലാന്റുകളിലായി 2,500 ടണ്‍ ഫാക്ടംഫോസ് ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ 1,000 ടണ്‍ മാത്രമാണ് ഉത്പാദനം. മൊറോക്കോയിലെ കമ്പനിയില്‍നിന്നാണ് ഫാക്ട് വര്‍ഷങ്ങളായി ഫോസ്ഫോറിക് ആസിഡ് ഇറക്കുമതി ചെയ്തിരുന്നത്. ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഫോസ്ഫോറിക് ആസിഡിനായി ഫാക്ട് ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നു. ടെന്‍ഡറില്‍ മൊറോക്കോ കമ്പനി പങ്കെടുത്തില്ല. മൊറോക്കോ കമ്പനി നല്‍കിയിരുന്ന വിലയ്ക്ക് ഫോസ്ഫോറിക് ആസിഡ് നല്‍കാന്‍ മറ്റാരും തയ്യാറുമായില്ല. മറ്റു കമ്പനികളില്‍ നിന്ന് ഫാക്ടിന് ആവശ്യമായ അളവ് ഫോസ്ഫോറിക് ആസിഡ് കിട്ടുന്നുമില്ല. ഇതേ തുടര്‍ന്നാണ് ഉത്പാദനം കുറച്ചത്.

ഫാക്ടംഫോസ് പ്ലാന്റുകളിലായി 250 കരാര്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ജോലി ചെയ്യുന്ന ദിവസം മാത്രമേ ഇവര്‍ക്ക് കൂലിയുള്ളൂ. ഈ പ്ലാന്റുകളില്‍ ഒന്ന് അടച്ചതും മറ്റു പ്ലാന്റുകളില്‍ ഉത്പാദനം കുറച്ചതും കാരണം ഇവര്‍ക്ക് പണിയും കൂലിയും ഇല്ലാത്ത സ്ഥിതിയാണ്. ഫാക്ടിന്റെ മറ്റൊരു ഉത്പന്നമായ അമോണിയം സള്‍ഫേറ്റിന്റെയും വില വര്‍ധിപ്പിച്ചു. നേരത്തേ 50 കിലോയ്ക്ക് 925 രൂപയായിരുന്നത് 985 രൂപയാക്കി.

Tags:    

Similar News