വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വൈദ്യുതവേലി; വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ബത്തേരി: കോഴിഫാമില്‍നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്. കോഴിഫാമില്‍ വന്യമൃഗങ്ങള്‍ കടക്കുന്നത് തടയാനായി വേലിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഷോക്കേറ്റത്. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു
കരിങ്കണ്ണിക്കുന്നില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.
ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളര്‍ത്തുകോഴി കൃഷിയിലേക്ക് മാറിയത്. ഷിനുവിന്റെ മൃതദേഹം കല്‍പറ്റ ജനറല്‍ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കല്‍പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഫാമുടമ പുല്‍പ്പറമ്പില്‍ വീട്ടില്‍ സൈമണ്‍, ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കല്‍പറ്റയിലെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.