പാലോടിനെ ഞെട്ടിച്ച് കാട്ടാന ആക്രമണം; കൊമ്പന്റെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; വാരിയെല്ലിന് പൊട്ടൽ ഉണ്ടെന്ന് വിവരങ്ങൾ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനാണ് (30) ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെയാണ് ഒറ്റയാൻ ആക്രമിച്ചത്.
ആക്രമണത്തിൽ നിലത്തുവീണ ജിതേന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ടായതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ആദ്യം പാലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ഇയാളെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വ്യാപകമായി കൃഷിനാശം വരുത്തുന്നതായും നാട്ടുകാർ പരാതി ഉന്നയിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സമീപകാലത്തൊന്നും ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വനത്തിൽ നിന്ന് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.