പാതിരാത്രി ആറര മണിക്കൂറില്‍ രണ്ട് കിലോമീറ്റര്‍ റെയില്‍പാത നിര്‍മ്മിച്ച് ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ; പുതിയ ഏഴിമല റെയില്‍പാലം റെയിന്‍ സര്‍വീസിന് തുറന്നുകൊടുത്തു
കണ്ണൂര്‍: പാതിരാത്രി ആറര മണിക്കൂറില്‍ രണ്ട് കിലോമീറ്റര്‍ റെയില്‍പാത നിര്‍മ്മിച്ച് ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ. പുതിയ ഏഴിമല റെയില്‍പാലം റെയിന്‍ സര്‍വീസിന് തുറന്നുകൊടുത്തു. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ചീഫ് എഞ്ചിനീയര്‍, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍, ഡപ്യൂട്ടി എഞ്ചിനീയര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം, തൊഴിലാളികളോടൊപ്പം റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കി. രാത്രി 9ന് ആരംഭിച്ച പണി രാവിലെ 4.30ന് ഇരുഭാഗത്തും രണ്ടുകിലോമീറ്റര്‍ പാത നിര്‍മ്മിച്ച് പുതിയ പാലവുമായി ബന്ധിപ്പിച്ചതോടെ 4.56ന് ആദ്യ ഗുഡ്‌സ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയി.
തുടര്‍ന്ന് 5.35ന് യാത്രക്കാരോടുകൂടിയ പോര്‍ബന്ദര്‍ എക്‌സ്പ്രസും പാലം കടന്നു. പാത നിര്‍മ്മാണ സമയത്ത് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ ഒന്നാം ട്രാക്കിലൂടെ സുരക്ഷിതമായി കടന്നുപോയി. 1906ല്‍ നിര്‍മ്മിച്ച പഴയ ചങ്കുരിച്ചാല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് പുതിയ പാലം രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയെങ്കിലും, പഴയ പാലവുമായി ബന്ധിപ്പിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ തുറക്കുന്നത് വൈകിയിരുന്നു. നിലവില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള റെയില്‍പാതയില്‍ വെച്ച് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി നിര്‍മ്മിച്ചു.
രണ്ടാം ട്രാക്ക് പുതിയ പാലവുമായി ബന്ധിപ്പിക്കപ്പെടുന്ന പാത 7 മണിക്കൂറിനുള്ളില്‍ നിര്‍മിച്ചതാണ്. 24ന് രാത്രിയില്‍ പഴയ പാലത്തിലൂടെ കടന്നുപോകുന്ന ഒന്നാം ട്രാക്കും പുതിയ പാലവുമായി ബന്ധിപ്പിക്കപ്പെടും. ഇതോടെ 1906ല്‍ നിര്‍മ്മിച്ച പഴയ ചങ്കുരിച്ചാല്‍ പാലം ഒഴിവാക്കി, പിന്നീട് അത് പൊളിച്ച് നീക്കും. നിലവില്‍ പുതിയ പാലവും റെയില്‍പാതയും തുറന്നതോടെ കണ്ണൂര്‍ റെയില്‍വേ സര്‍വീസുകള്‍ കൂടുതല്‍ സുരക്ഷിതവും സുസജ്ജവുമാകും.