ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ? ജയില്‍ചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2025-07-25 10:58 GMT

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഗോവിന്ദച്ചാമി ജയില്‍ച്ചാട്ടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, 'ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ' എന്നായിരുന്നു പരിഹാസം കലര്‍ന്ന മറുപടി.

ഇന്ന് പുലര്‍ച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ജയിലിലെ അതീവ സുരക്ഷ മറികടന്ന് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. വര്‍ക്ക്‌ഷോപ്പില്‍ നിന്നും എടുത്ത മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഒന്നര മാസം എടുത്താണ് ജയിലഴി മുറിച്ചത്. ഇതിന്റെ പാടുകള്‍ പിന്നീട് തുണികൊണ്ട് കെട്ടി മറക്കുകയായിരുന്നു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

Similar News