മൃഗശാലാജീവനക്കാരനെ കടുവ മാന്തി; നെറ്റിയില്‍ ആറ് തുന്നല്‍

മൃഗശാലാജീവനക്കാരനെ കടുവ മാന്തി; നെറ്റിയില്‍ ആറ് തുന്നല്‍

Update: 2025-07-28 02:59 GMT

തിരുവനന്തപുരം: കൂടു വൃത്തിയാക്കുന്നതിനിടെ കടുവാക്കൂടിനടുത്തുനിന്നിരുന്ന മൃഗശാലാജീവനക്കാരനെ കടുവ മാന്തി. സൂപ്പര്‍വൈസറും കരമന തളിയല്‍ സ്വദേശിയുമായ രാമചന്ദ്രനാണ് പരിക്കേറ്റത്. നെറ്റിയില്‍ മുറിവേറ്റ രാമചന്ദ്രനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ആറുവയസ്സുള്ള ബബിത എന്ന പെണ്‍കടുവ കൂടിന്റെ അഴികള്‍ക്കിടയിലൂടെ കൈയിട്ട് രാമചന്ദ്രന്റെ നെറ്റിയില്‍ മാന്തുകയായിരുന്നു. നെറ്റിയില്‍ ആറു തുന്നലുണ്ട്.

ജീവനക്കാര്‍ കൂടു വൃത്തിയാക്കുന്നതിനിടയില്‍ കടുവാക്കൂട്ടിനു സമീപം സ്ഥാപിച്ചിരുന്ന ജലസംഭരണി പരിശോധിക്കുന്നതിനിടയിലാണ് സംഭവം. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കടുവ ഓടിവരുമെന്നു പ്രതീക്ഷിച്ചില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. കൂടുകള്‍ വൃത്തിയാക്കുന്ന സമയം സാധാരണയായി ജീവികളെ മറ്റു കൂടുകളിലേക്കു മാറ്റാറുണ്ട്. ഇതു പാലിക്കാതെയാണ് കടുവയുടെ കൂട് വൃത്തിയാക്കിപ്പിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

Tags:    

Similar News