കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ ഫോണ്‍ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാന്‍ കെപിസിസി; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അന്വേഷണ ചുമതല
By : സ്വന്തം ലേഖകൻ
Update: 2025-07-28 05:46 GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ ഫോണ്‍ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാന്‍ കെപിസിസി നിര്‍ദേശം. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ശബ്ദരേഖ ചോര്‍ന്നതിനു പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍വരും.
എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചിരുന്നു. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് രവി ഒഴിഞ്ഞത്. മുന്‍ മന്ത്രി എന്‍.ശക്തനാണ് പകരം ചുമതല നല്‍കിയത്.