നാലുമാസത്തിനിടെ തെരുവ് നായകളുടെ കടിയേറ്റത് 1,31,244 പേര്‍ക്ക്; 16 മരണം; 'എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്ക്കോളൂ' എന്ന് മൃഗസ്നേഹിയോട് ഹൈക്കോടതി

നാലുമാസത്തിനിടെ തെരുവ് നായകളുടെ കടിയേറ്റത് 1,31,244 പേര്‍ക്ക്

Update: 2025-07-28 14:46 GMT

കൊച്ചി: തെരുവ് നായ വിഷയം പരിഗണിക്കവെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്നേഹിയെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്ക്കോളൂ എന്ന് മൃഗസ്നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്നായ ആക്രമണത്തില്‍ എത്ര എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

നാലുമാസം കൊണ്ട് 1,31,244 പേര്‍ക്കാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റത്. അഞ്ച് മാസത്തിനുള്ളില്‍ 16 പേര്‍ പേവിഷബാധയേറ്റ് മരണപ്പെടുകയും ചെയ്തെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Similar News