അക്ഷയ്കുമാര്‍ നായകനായ 'ജോളി എല്‍എല്‍ബി-3'യുടെ റിലീസ് തടയണമെന്ന് ഹര്‍ജി നല്‍കി; അഭിഭാഷകയ്ക്ക് 50,000 രൂപ പിഴയിട്ട് ഹൈക്കോടതി
'ജോളി എല്‍എല്‍ബി-3'യുടെ റിലീസ് തടയണമെന്ന് ഹര്‍ജി
ബെംഗളൂരു: അക്ഷയ്കുമാര്‍ നായകനായ പുതിയ ഹിന്ദി ചിത്രം 'ജോളി എല്‍എല്‍ബി-3'യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷകയില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. അഭിഭാഷകയായ സയേദ നീലുഫറിനാണ് കോടതി പിഴയിട്ടത്. കോടതിനടപടികള്‍ പരിഹാസ്യമായരീതിയില്‍ ചിത്രീകരിച്ചെന്നുപറഞ്ഞാണ് അഭിഭാഷക ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍, അനാവശ്യഹര്‍ജിയിലൂടെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പിഴ ഈടാക്കാന്‍ ഉത്തരവിടുകയായിരുന്നു. കോടതി നടപടികളെ വികലമായരീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നും അന്വേഷണം നടത്തി സിനിമാ പിന്നണിപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഹര്‍ജി തള്ളിയ കോടതി, ഹാസ്യസിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍വേണ്ടിയുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. ഇത് കോടതിക്കും ഹര്‍ജി സമര്‍പ്പിച്ച ആള്‍ക്കും ഇഷ്ടമായെന്നുവരില്ല. എന്നാല്‍, ഇതിന്റെപേരില്‍ ക്രിയാത്മകതയെ നിയന്ത്രിക്കാന്‍കഴിയില്ലെന്നും കോടതി വ്യക്തമാക്കി.