വൈദ്യുതി കമ്പി പൊട്ടുമ്പോള്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കണം; നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ എസ് ഇ ബി എംഡിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

വൈദ്യുതി കമ്പി പൊട്ടുമ്പോള്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കണം

Update: 2025-07-29 15:21 GMT

തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോള്‍ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കെ എസ് ഇ ബി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നും അറിയിക്കണം. വൈദ്യുതി വകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വൈദ്യുതികമ്പി പൊട്ടിവീണപ്പോഴുണ്ടായ ഷോക്കേറ്റ് വിവിധ ജില്ലകളില്‍ 3 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഷോക്കേറ്റതിനെ തുടര്‍ന്നുണ്ടായ മരണങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് കമ്മീഷന്‍ എം. ഡിക്ക് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.

ദാരുണ സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍, മരിച്ചവരുടെയും ആശ്രിതരുടെയും വിലാസം എന്നിവ റിപ്പോര്‍ട്ടിലുണ്ടാവണം.

കെ. എസ്. ഇ ബി, എം ഡിയുടെ പ്രതിനിധി സെപ്റ്റംബര്‍ 11 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.ആറ്റിങ്ങല്‍, മലപ്പുറം വേങ്ങര, പാലക്കാട് ഓലശ്ശേരി എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 3 പേര്‍ കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.

Tags:    

Similar News