വള്ളം മറിഞ്ഞപ്പോള്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചു; പെട്ടെന്ന് സുമേഷും ഒഴുക്കില്‍പ്പെട്ടു; മൂന്നാം പക്കം കരയ്ക്ക് അടിഞ്ഞു; സുമേഷിന്റെ മൃതദേഹം കണ്ടു കെട്ടി
കോട്ടയം : കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ വള്ളം മറിഞ്ഞ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയ്. ചൊവ്വാഴ്ച കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 23 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു.
വള്ളം മറിഞ്ഞപ്പോള്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. പെട്ടെന്നാണ് സുമേഷും ഒഴുക്കില്‍പ്പെട്ടത്. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയിരുന്നതായാണ് വിവരം. ഇന്ന് രാവിലെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കാട്ടിക്കുന്ന് സ്വദേശി സിന്ധു മുരളിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തല പാണാവള്ളിയില്‍ നിന്നു വള്ളത്തില്‍ വന്നവര്‍ സംസ്‌കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്. മരണവീട്ടില്‍ നിന്നു 23 പേരുമായി വന്ന എഞ്ചിന്‍ ഘടിപ്പിച്ച വള്ളം 100 മീറ്ററോളം മുന്നോട്ടു പോയപ്പോള്‍ അതിശക്തമായി വീശിയ കാറ്റിനൊപ്പം ഉയര്‍ന്ന തിര വള്ളത്തിലേക്ക് വെള്ളം കയറ്റി. നിമിഷങ്ങള്‍ക്കകം വള്ളം മുങ്ങിത്താണു.
സ്ത്രീകളും കൗമാരക്കാരനുമടക്കം 22പേരെ കക്കവാരല്‍ത്തൊഴിലാളികളായ പെരുമ്പളം സ്വദേശി ശിവന്‍, നടുത്തുരുത്തുകാരായ ചന്ദ്രന്‍, രാമചന്ദ്രന്‍ എന്നിവര്‍ രക്ഷിച്ചിരുന്നു. കാണാതായ സുമേഷിനായി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.