പനിക്ക് ചികിത്സയ്‌ക്കെത്തിയ വയോധികയുടെ ഡ്രിപ് സൂചി മാറ്റിയത് ശുചീകരണ ജീവനക്കാരന്‍; കൈമുറിഞ്ഞു ചോരയൊഴുകിയതോടെ സ്റ്റിച്ചിട്ടു: മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയില്ല
പനിക്ക് ചികിത്സയ്‌ക്കെത്തിയ വയോധികയുടെ ഡ്രിപ് സൂചി മാറ്റിയത് ശുചീകരണ ജീവനക്കാരന്‍
പാലക്കാട്: കുടുംബാരോഗ്യ കേന്ദ്രത്തില്‍ പനിക്ക് ചികിത്സയ്‌ക്കെത്തിയ വയോധികയുടെ കയ്യിലെ ഡ്രിപ്പ് സൂചി മാറ്റിയത് ആശുപത്രിയിലെ ശുചീകരണ തൊഴിലാളി. പ്ലാസ്റ്റര്‍ ഇളക്കുന്നതിനിടെ മുറിവു പറ്റി ചോര ഒഴുകിയതോടെ ഡോക്ടര്‍ ഇടപെട്ടു രണ്ട് സ്റ്റിച്ചിട്ടു രോഗിയെ പറഞ്ഞയച്ചു. പനി ബാധിച്ചു വടക്കഞ്ചേരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയ കിഴക്കഞ്ചേരി നായര്‍കുന്ന് സ്വദേശി കല്യാണിക്കാണ് (78) ദുരനുഭവമുണ്ടായത്.
രണ്ടാഴ്ച മുന്‍പുണ്ടായ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ശുചീകരണ ജീവനക്കാരനാണു ചെയ്തതെന്നു പരിശോധനയില്‍ തെളിഞ്ഞതായും ഡിഎംഒ ആവശ്യപ്പെടുന്ന മുറയ്ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചെങ്കിലും നടപടിയില്ല.
പനി കൂടിയതിനാല്‍ ഡ്രിപ്പ് ഇട്ടു കിടത്തിയിരുന്നു. ഡ്രിപ് തീര്‍ന്ന ശേഷം സൂചി അഴിച്ചുമാറ്റാന്‍ കൂടെയുണ്ടായിരുന്ന സഹായി നഴ്‌സിന്റെ സഹായം തേടി. എന്നാല്‍, നഴ്‌സ് വരുന്നതിനു മുന്‍പു ശുചീകരണ വിഭാഗത്തിലെ ജീവനക്കാരനെത്തി രോഗിയുടെ സമ്മതമില്ലാതെ സൂചി മാറ്റാന്‍ ശ്രമിച്ചു. സൂചി ഇളകാതിരിക്കാന്‍ ഒട്ടിച്ചിരുന്ന ടേപ്പ് ശക്തമായി പിടിച്ചു വലിച്ചെങ്കിലും ഇളകിയില്ല. തുടര്‍ന്നു കത്രിക ഉപയോഗിച്ചു മുറിച്ചപ്പോള്‍ കൈ മുറിഞ്ഞു ചോരയൊഴുകി.
ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നു കല്യാണിയുടെ കുടുംബം പറഞ്ഞു.