രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ദിവസം കഴിയും തോറും വര്‍ധിച്ചു വരുന്നു; 834 ആക്രമണങ്ങളാണ് ഒരു വര്‍ഷത്തിനിടെ നടന്നത്; ബിജെപിയെ വിമര്‍ശിച്ച് വിഡി സതീശന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ദിവസം കഴിയും തോറും വര്‍ധിച്ചു വരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. 834 ആക്രമണങ്ങളാണ് ഒരു വര്‍ഷത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 2023ല്‍ തന്നെ ഇത് പറഞ്ഞതാണെന്നും സതീശന്‍ പറഞ്ഞു. ഇപ്പോള്‍ സംഘപരിവാറിന്റെ തനിനിറം എല്ലാവര്‍ക്കും മനസിലായല്ലോയെന്നും സതീശന്‍ ചോദിച്ചു.
ബിജെപി ഇടപെട്ടിട്ടാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയതെന്നാണ് പറയുന്നത്. എന്നാല്‍ കോടതിയാണ് ജാമ്യം നല്‍കിയത്. വിഷയത്തില്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടില്ല എന്നുള്ളത് തെറ്റായ പ്രചാരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂപേഷ് ബാഗേല്‍ ജയിലില്‍ പോയി കന്യാസ്ത്രീകളെ കണ്ടു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ എത്തി സഹായം ചെയ്തുവെന്നും സതീശന്‍ പറഞ്ഞു.