മണിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നു; വൈദ്യുതി ഉത്പാദനം നിലച്ചിട്ട് മൂന്നുമാസം

മണിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നു; വൈദ്യുതി ഉത്പാദനം നിലച്ചിട്ട് മൂന്നുമാസം

Update: 2025-08-06 02:03 GMT

സീതത്തോട്: മണിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നതിനാല്‍ വൈദ്യുതി ഉത്പാദനം നിലച്ചിട്ട് മൂന്നുമാസം പിന്നിട്ടു. ഡാമിന്റെ പണികള്‍ യഥാസമയം പൂര്‍ത്തിയാകാതെ വന്നതിനെത്തുടര്‍ന്ന് ഏറ്റവുമധികം വൈദ്യുതി ഉത്പാദനം നടക്കേണ്ട മാസങ്ങളില്‍ ഉത്പാദനം മുടങ്ങിയത് മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇക്കൊല്ലം ഡിസംബര്‍ അവസാനത്തോടുകൂടി മാത്രമേ അറ്റകുറ്റപ്പണി പൂര്‍ത്തായാകൂ എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നത്. അതുവരെയും ഉത്പാദനനഷ്ടം തുടരും.

അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡാമിന്റെ ഷട്ടറുകള്‍ അഴിച്ചുമാറ്റിയതിനാല്‍ മുഴുവന്‍ വെള്ളവും തുറന്നുവിടുന്നതാണ് വൈദ്യുതി ഉത്പാദനം മുടങ്ങാനിടയാക്കിയത്. കാലവര്‍ഷം എത്തുന്നതിന് മുമ്പുതന്നെ ഈ പണികള്‍ പൂര്‍ത്തിയാക്കാന്‍ ജലസേചനവകുപ്പ് അമാന്തം വരുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സ്വകാര്യപദ്ധതിയാണ് വൈദ്യുതി ഉത്പാദനം നടത്തുന്നതെങ്കിലും, വെള്ളം വെറുതെ ഒഴുകിപ്പോകുന്നതിനാല്‍ ഉത്പാദനനഷ്ടം തിരിച്ചുകിട്ടാത്തതാണ്.

ഡാമിന്റെ അഞ്ച് ഷട്ടറുകളും, സ്ലൂയിസ് വാല്‍വുകളും മാറ്റി സ്ഥാപിക്കുകയാണ്. 6.25 കോടി രൂപയ്ക്ക് കരാര്‍നല്‍കിയിട്ടുള്ള ഈ ജോലികള്‍ 2022 ജൂലായിലാണ് തുടങ്ങിയത്. അറ്റകുറ്റപ്പണി വൈകുന്നത് നേരത്തെ തന്നെ വാര്‍ത്തയായിട്ടുള്ളതാണ്. കനത്തമഴ കാരണം കക്കാട്ടാറ് നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ഇനി ഉടനൊന്നും അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് പിഐപി അധികൃതര്‍തന്നെ പറയുന്നു. തുലാമഴ കൂടി കഴിഞ്ഞാല്‍ മാത്രമേ ഡാമിലേക്ക് വെള്ളമെത്തുന്ന കക്കാട്ടാറില്‍ ജലനിരപ്പ് കുറയാനിടയുള്ളു.

പമ്പാ ജലസേചനപദ്ധതിയുടെ ഭാഗമായുള്ളതാണ് മണിയാര്‍ ഡാം. ഇവിടെ സംഭരിച്ചുനിര്‍ത്തുന്ന വെള്ളം തൊട്ടടുത്തുതന്നെ സ്ഥാപിച്ചിട്ടുള്ള കാര്‍ബോറാണ്ടം കമ്പനിയുടെ പവര്‍ഹൗസിലേക്ക് തുരങ്കത്തിലൂടെ കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. 12-മെഗാവാട്ടാണ് പദ്ധതിയുടെ ശേഷി.

Tags:    

Similar News