സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 ആക്കി; മിനിമം വേതനവും ക്ഷേമനിധിയും ഉറപ്പാക്കാന്‍ ആലോചന

സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 ആക്കി

Update: 2025-08-07 02:21 GMT

തിരുവനന്തപുരം: സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 ആക്കി. പാചക തൊഴിലാളികളെ മിനിമംവേതന നിയമത്തിനുകീഴില്‍ കൊണ്ടുവരാനുള്ള സാധ്യത തേടാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിരമിക്കല്‍ ആനുകൂല്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാചകത്തൊഴിലാളി സംഘടനകളില്‍നിന്ന് രേഖാമൂലം റിപ്പോര്‍ട്ട് തേടി.

നിയമനരീതി മാറ്റുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. നിലവില്‍ 500 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് പാചകത്തൊഴിലാളിയുടെ നിയമനം. ഇത് 300 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയിലേക്കു മാറ്റുന്നത് പരിശോധിക്കും.

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കീം വര്‍ക്കേഴ്സ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍, ഇവരെ മിനിമംവേതന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതു പുനഃപരിശോധിക്കാന്‍ മന്ത്രി ലേബര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതും പരിശോധിക്കും.

ഓണറേറിയം എല്ലാ മാസവും അഞ്ചിനുമുന്‍പ് നല്‍കുന്നതിന് ധനമന്ത്രിയുമായി ചര്‍ച്ചനടത്തും. കേന്ദ്രവിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനവിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം നല്‍കും. ഉച്ചഭക്ഷണസമിതികള്‍ പാചകത്തൊഴിലാളികള്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കണം. ഓണക്കാലത്ത് ഈ വര്‍ഷവും ഓണറേറിയം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Tags:    

Similar News