കുരുന്നുകള്‍ വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി; വിശപ്പിന്റെ വിളിയില്‍ ഉച്ചത്തില്‍ കരഞ്ഞ് കുട്ടികള്‍: വിശപ്പുരഹിത കേരളത്തില്‍ മുഴുപ്പട്ടിണിയില്‍ ഒരു കുടുംബം
കുരുന്നുകള്‍ വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി; കരഞ്ഞ് തളര്‍ന്ന് കുട്ടികള്‍
സീതത്തോട്: ആനത്തോട് അണക്കെട്ടിനു സമീപമുള്ള തങ്കയ്യനെ തേടി ചെന്നാല്‍ ദൂരനിന്നെ കേള്‍ക്കാം കുഞ്ഞുങ്ങളുടെ ഉച്ചത്തിലുള്ള കരച്ചില്‍. വിശപ്പു സഹിക്കാനാവാതെ ഒരല്‍പം ഭക്ഷണത്തിനു വേണ്ടിയുള്ള ആ കുരുന്നുകളുടെ കരച്ചില്‍ ഹൃദയഭേദകമാണ്. മക്കളുടെ നിലവിളി കേള്‍ക്കുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്‍ക്കാനെ ആ മതാപിതാക്കള്‍ക്ക് കഴിയുന്നുള്ളു. മഴ എത്തിയതോടെ ജോലി ഇല്ലാതായതോടെയാണ് കുടുംബം മുഴുപ്പട്ടിണിയിലായത്.
'കുരുന്നുകള്‍ നേരാംവണ്ണം ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. രണ്ടാഴ്ച മുന്‍പ് ലഭിച്ച അരിയില്‍ കുറച്ച് കൂടിയിരിപ്പുണ്ട്. ഒരു നേരം കുറെ അരിയെടുത്തു തിളപ്പിക്കും. കൂടെ മുളക് ചുട്ടു നല്‍കും. പട്ടിണി കാരണം കൊച്ചുകുട്ടികള്‍ മിക്കപ്പോഴും കരച്ചിലാണ്. കിട്ടുന്ന റേഷന്‍ എല്ലാവര്‍ക്കും തികയുന്നില്ല' വാക്കുകള്‍ പറയുമ്പോള്‍ നിസ്സഹായത കൊണ്ട് മാതാവ് ഓമനയുടെ കണ്ണുകള്‍ നിറഞ്ഞു.
പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഏറെ ദയനീയം. മതിയായ ഭക്ഷണം കിട്ടാതെ അവര്‍ മിക്കപ്പോഴും കരച്ചിലാണ്മഴ തുടങ്ങിയതിനു ശേഷമാണ് അവസ്ഥ ഇത്ര മോശമായതെന്നു ഓമന പറയുന്നു. കാട്ടില്‍ പോയാല്‍ വനവിഭവങ്ങള്‍ കാര്യമായി ലഭിക്കാറില്ല. തങ്കയ്യ-ഓമന ദമ്പതികള്‍ക്ക് ഒന്‍പതു മക്കളാണ്. ട്രൈബല്‍ വകുപ്പില്‍ നിന്നു ലഭിക്കുന്ന നാമമാത്രമായ ഭക്ഷണം വിശപ്പു മാറ്റാന്‍ പോലും തികയുന്നില്ല. നിലവില്‍ നല്‍കുന്നതിന്റെ രണ്ടിരട്ടിയെങ്കിലും നല്‍കിയെങ്കില്‍ മാത്രമേ പട്ടിണിയില്ലാതെ കഴിയാനാകൂ. ഒന്നര മാസം മുന്‍പ് ഇവരുടെ കൂര കാട്ടാന ആക്രമിച്ചു. ടാര്‍പോളിന്‍ ഷീറ്റ് വലിച്ച് കീറി. കുഞ്ഞുങ്ങളുമായി ദമ്പതികള്‍ അണക്കെട്ടിനു അടിവാരത്തേക്കു രക്ഷപ്പെട്ടതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്.