വെട്ടരിവാൾ കൊണ്ട് കവിളിൽ ആഞ്ഞ് വെട്ടി; ജീവൻ പോകുന്ന നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ; ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Update: 2026-02-12 15:01 GMT

ആലപ്പുഴ: വസ്തു തർക്കത്തെ തുടർന്ന് ഭാര്യാസഹോദരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി- മൂന്ന്. കുത്തിയതോട് എഴുപുന്ന സൗത്ത് കൂവക്കാട് തറ വീട്ടിൽ സോമൻ (42) എന്നയാളെയാണ് ജഡ്ജി എച്ച്. ഷുഹൈബ് ശിക്ഷിച്ചത്.

2020 ജൂൺ 27ന് രാത്രി ഒമ്പത് മണിയോടെ കുത്തിയതോട് വെച്ചായിരുന്നു സംഭവം. പ്രതിയായ സോമൻ, ഭാര്യയുടെ സഹോദരൻ കൂവക്കാട് തറവീട്ടിൽ ശശിയെ വെട്ടരിവാൾ കൊണ്ട് ഇടത് തുടയിലും കവിളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. മീൻ പിടിച്ച് ജീവിക്കുന്ന ശശിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് മരംവെട്ടുകാരനായ സോമൻ ആക്രമണം നടത്തിയത്.

കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. അന്നത്തെ കുത്തിയതോട് ഇൻസ്പെക്ടർ എ.വി. ബിജു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി. സിവിൽ പോലീസ് ഓഫീസർ അമൽ സി പ്രോസിക്യൂഷനെ സഹായിച്ചു.

ഇതേ ഭാര്യാസഹോദരനെ വീണ്ടും ആക്രമിച്ച കേസിൽ ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി സോമനെ നേരത്തെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് സോമൻ. പുതിയ വിധി കേൾക്കുന്നതിനായി ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. 

Tags:    

Similar News