അച്ഛന്‍ മരിച്ചത് അമ്മ നടത്തിയ ആഭിചാരക്രിയകള്‍ മൂലമെന്ന് ജ്യോത്സ്യന്‍; ഉറങ്ങിക്കിടന്ന അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകള്‍
അച്ഛന്‍ മരിച്ചത് അമ്മ നടത്തിയ ആഭിചാരക്രിയകള്‍ മൂലമെന്ന് ജ്യോത്സ്യന്‍; അമ്മയെ കൊലപ്പെടുത്തി മകള്‍
ബെംഗളൂരു: ഉറങ്ങിക്കിടന്ന അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. ഒന്നര വര്‍ഷം മുമ്പ് യുവതിയുടെ പിതാവ് മരിച്ചിരുന്നു. അമ്മ നടത്തിയ ആഭിചാരക്രിയകള്‍ കാരണമാണു പിതാവ് മരിച്ചതെന്ന് ജ്യോത്സ്യന്‍ വിശ്വസിപ്പിച്ചതിനെത്തുടര്‍ന്ന് 33കാരിയായ യുവതി അമ്മയെ കൊലപ്പെടുത്തിയത്. 55 വയസ്സുള്ള പുഷ്പവതി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ സുചിത്രയെ പോലിസ് അറസ്റ്റ് ചെയ്തു.
തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പിതാവിന്റെ മരണകാരണം തേടി സുചിത്ര അടുത്തിടെ ഒരു ജ്യോത്സ്യനെ സമീപിച്ചു. അമ്മ നടത്തിയ കൂടോത്രം മൂലമാണു പിതാവ് മരിച്ചതെന്ന് ജ്യോത്സ്യന്‍ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ മകള്‍ക്ക് അമ്മയോട് പകയായി. അമ്മ കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് വിശ്വസിച്ച സുചിത്ര, ഉറങ്ങിക്കിടന്ന അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ സുചിത്ര ശ്രമിച്ചു.
മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാന്‍ ചടങ്ങുകളും ആരംഭിച്ചു. എന്നാല്‍ സുചിത്രയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെ സുചിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. നിലവില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തില്‍ സുചിത്രയുടെ ഭര്‍ത്താവിന് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.