ഗ്യാസ് സിലിണ്ടറിൽ ലീക്കുള്ള കാര്യം ശ്രദ്ധിച്ചില്ല; ഫുഡ് ഉണ്ടാക്കുന്നതിനിടെ പത്ത് വയസ്സുകാരിക്ക് പൊള്ളലേറ്റു; സംഭവം ആലുവയിൽ
കൊച്ചി: ആലുവ ചൂർണിക്കരയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് ഓംലെറ്റ് ഉണ്ടാക്കുന്നതിനിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതര സംസ്ഥാനക്കാരായ അമിനുൽ- ജൂലിയത്തുൽ ദമ്പതികളുടെ മകളായ ഖദീജ (10) യ്ക്ക് 40 ശതമാനം പൊള്ളലേറ്റു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വസ്ത്രം അലക്കിക്കൊണ്ടിരിക്കുമ്പോൾ, ഭക്ഷണം കഴിക്കാൻ ഖദീജ സ്വന്തമായി ഓംലെറ്റ് ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. ചോർച്ചയുണ്ടായിരുന്ന റെഗുലേറ്ററിലൂടെ ഗ്യാസ് ശക്തമായി പുറത്തേക്ക് തള്ളുകയും, ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിച്ചതോടെ കുട്ടിക്ക് പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഉടൻ തന്നെ ഖദീജയെ ആലുവ ജില്ലാ ആശുപത്രിയിലും, തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തായിക്കാട്ടുകര സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന ഖദീജ ഏതാനും നാളുകളായി സ്കൂളിൽ പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്.