'മെസ്സി ഈസ് മിസിങ്' എന്ന് കെപിസിസി പ്രസിഡന്റ്; ഇത് സര്‍ക്കാര്‍ തള്ളി മറിച്ചുണ്ടാക്കിയ അപകടമാണെന്ന് ഷാഫി; ജനങ്ങളെ വഞ്ചിച്ചെന്ന് ഹൈബി; മെസി വിവാദം തുടരുമ്പോള്‍
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പുകയുന്നതിനിടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം. 'മെസ്സി ഈസ് മിസിങ്' എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മെസ്സിയുടേയും അര്‍ജന്റീയുടെയും കാര്യത്തില്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതിനു സര്‍ക്കാര്‍ മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മറ്റെല്ലാ സമയങ്ങളിലേതും പോലെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഇതിനെ കണ്ടതെന്ന് ഷാഫി പറമ്പില്‍ എംപി കുറ്റപ്പെടുത്തി. ജനങ്ങളെ പറഞ്ഞു പറ്റിച്ചു. ഇത് സര്‍ക്കാര്‍ തള്ളി മറിച്ചുണ്ടാക്കിയ അപകടമാണ്. കേരളത്തിലെ സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. വ്യക്തത വരുത്താന്‍ പറ്റുന്നില്ലെങ്കില്‍ ചെലവഴിച്ച പണം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഇതിന് കായികമന്ത്രി ഉത്തരം പറയണം. സ്‌പെയിനില്‍ പോകാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച മന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.