കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡീഷയില്‍ നിന്ന് വാങ്ങി ഇരുപത്തി അയ്യായിരം രൂപ നിരക്കില്‍ ആലുവ മേഖലയില്‍ വില്‍ക്കും; കാലടിയില്‍ വന്‍ മയക്ക് മരുന്നുവേട്ട

Update: 2025-08-09 10:41 GMT

കൊച്ചി: കാലടിയില്‍ വന്‍ മയക്ക് മരുന്നുവേട്ട.16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയിലായത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഹിദുല്‍ ഇസ്ലാം (31), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി ഹസനൂര്‍ ഇസ്ലാം (33) എന്നിവരേയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പതിനാറ് കിലോ കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. സംഘം കുറച്ചുനാളുകളായി നിരീക്ഷണത്തിലായിരുന്നു. ഒഡീഷയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡീഷയില്‍നിന്ന് വാങ്ങുന്ന കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കില്‍ ആലുവ മേഖലയില്‍ വില്‍ക്കും.

അന്യസംസ്ഥാനക്കാരെ കേന്ദ്രീരകിച്ച് വില്‍പ്പന നടത്തും. അതിന് ശേഷം മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി. ട്രെയിന്‍ മാര്‍ഗമായിരുന്നു സംഘം കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. അങ്കമാലിയില്‍ തീവണ്ടിയിറങ്ങി ഓട്ടോറിക്ഷയിലാണ് മരോട്ടിച്ചുവടില്‍ എത്തിയത്. പ്രതികളില്‍നിന്ന് ആരൊക്കെയാണ് കഞ്ചാവ് വാങ്ങുന്നതെന്നും അവര്‍ ആര്‍ക്കൊക്കെയാണ് വില്‍പ്പന നടത്തുന്നതെന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

പെരുമ്പാവൂര്‍ എ എസ് പി ഹാര്‍ദ്ദിക് മീണ, ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി മേപ്പിള്ളി, എസ്.ഐ ജെയിംസ് മാത്യു, എ.എസ്.ഐമാരായ പി.എ അബ്ദുല്‍ മനാഫ് , നൈജോ സെബാസ്റ്റ്യന്‍ ഷൈജു അഗസ്റ്റിന്‍, ബോബി കുര്യാക്കോസ്, സീനിയര്‍ സി പി ഒ മാരായ, വര്‍ഗീസ് ടി വേണാട്ട്, ടി.എ അഫ്‌സല്‍, ബെന്നി ഐസക്, സി പി ഒ മാരായ കെ.പി സജീവ്, നിസാമുദ്ദീന്‍, നവീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News