ന്യായവിലവിതരണത്തിന് സപ്ലൈക്കോയ്ക്ക് 55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ; സബ്‌സിഡി നിരക്കില്‍ ശബരിയും വിലക്കറവില്‍ കേരയും ലഭ്യം

ന്യായവിലവിതരണത്തിന് സപ്ലൈക്കോയ്ക്ക് 55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ

Update: 2025-08-11 02:19 GMT

കോട്ടയം : ന്യായവിലവിതരണത്തിന് സപ്ലൈകോ 55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ ശേഖരിക്കുന്നു. 15 ലക്ഷം ലിറ്ററിന്റെ ശേഖരം സപ്ലൈകോയില്‍ എത്തി കഴിഞ്ഞു. തിങ്കളാഴ്ചമുതല്‍ സപ്ലൈകോയില്‍ വിലക്കുറവില്‍ രണ്ടിനം വെളിച്ചെണ്ണ കിട്ടും. 349 രൂപയ്ക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയും 457 രൂപയ്ക്ക് കേരഫെഡിന്റെ കേരയും വില്‍പ്പനയ്ക്ക് സജ്ജം. രണ്ടുംകൂടിയാണ് 15 ലക്ഷം ലിറ്റര്‍ ശേഖരം. 40 ലക്ഷം ലിറ്റര്‍കൂടി രണ്ടാഴ്ചയ്ക്കകം എത്തും.

പൊതുവിപണിയില്‍ 529 രൂപയ്ക്ക് വില്‍ക്കുന്ന എണ്ണ മൊത്തവിലയ്ക്കാണ് കേരഫെഡ് സപ്ലൈകോയ്ക്ക് നല്‍കുക. രണ്ടുലക്ഷം ലിറ്റര്‍ കേര എണ്ണയാണ് ഇപ്പോള്‍ നല്‍കിയത്. 13 ലക്ഷം ലിറ്റര്‍ ശബരി എണ്ണ സപ്ലൈകോയുടെ ഏജന്‍സികള്‍ മുഖാന്തരം ശേഖരിച്ചു.

സപ്ലൈകോയ്ക്ക് ഓണവിപണി ഒരുക്കത്തിന് 150 കോടി രൂപ അനുവദിച്ചതോടെ അരിയുടെ ശേഖരവും കൂട്ടി. എഫ്‌സിഐയില്‍നിന്ന് 1500 ടണ്‍ അരി വാങ്ങി. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളതും വന്നതോടെ 18-മുതല്‍ സപ്ലൈകോ കൂടുതല്‍ അരി നല്‍കും. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരി വാങ്ങാം. 29 മുതല്‍ 34 രൂപവരെ വിലയ്ക്ക് വാങ്ങുന്ന അരിയാണ് സബ്‌സിഡി നിരക്കില്‍ കൊടുക്കുക. അരിക്ക് മറ്റുസംസ്ഥാനങ്ങളുമായും ചര്‍ച്ച നടക്കുന്നതായി മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

Tags:    

Similar News